കല്യാണ്‍ (മഹാരാഷ്ട്ര): 48 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കല്യാണിലെ ചരിത്രപ്രസിദ്ധമായ ദുര്‍ഗാഡി കോട്ട ഹിന്ദുക്കള്‍ക്ക് വിട്ടുനല്കാന്‍ കോടതി ഉത്തരവ്. കല്യാണ്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. ഇത് പള്ളിയും വഖഫ് സ്വത്തുമാണെന്ന മജ്ലിസ്-ഇ-മുസ്‌റവീന്‍ മസ്ജിദ് ട്രസ്റ്റിന്റെ അവകാശവാദമാണ് കോടതി തള്ളിയത്. കേസ് വഖഫ് ബോര്‍ഡിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട അപേക്ഷകള്‍ തള്ളിയാണ് ജഡ്ജി എ.എസ്. ലഞ്ചേവാര്‍ ഹിന്ദു സമൂഹത്തിന് അനുകൂലമായി വിധി പറഞ്ഞത്.
ഛത്രപതി ശിവാജിയുടെ കാലത്ത് ഹിന്ദവി സ്വരാജ്യത്തിന്റെ ഭരണകാര്യങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന ദുര്‍ഗാദി കോട്ടയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇത് മുസ്ലീം പള്ളിയാണെന്ന് അവകാശപ്പെട്ട് മജ്‌ലിസ്-ഇ-മുസ്‌റവീന്‍ മസ്ജിദ് ട്രസ്റ്റ് രംഗത്തെത്തിയതാണ് തര്‍ക്കത്തിന് കാരണമായത്.
1971ല്‍ താനെ ജില്ലാ കളക്ടര്‍ ഇത് ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ മസ്ജിദ് ട്രസ്റ്റ് താനെ കോടതിയില്‍ പോയി. പിന്നീടിത് കല്യാണ്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു. വാസ്തുവിദ്യ അനുസരിച്ചുള്ള തെളിവുകളടക്കം കോടതിയില്‍ ഹാജരാക്കിയാണ് ഹിന്ദുസംഘടനകളുടെ അഭിഭാഷകര്‍ മസ്ജിദ് കമ്മിറ്റിയുടെ വാദങ്ങളെ പ്രതിരോധിച്ചത്. ജാലകങ്ങളും വിഗ്രഹപ്രതിഷ്ഠ നടത്തുന്ന കല്‍പീഠവും തെളിവായി സ്വീകരിച്ചു.
അഭിഭാഷകരായ ഭാവുസാഹെബ് മോഡക്, ബിക്കാജി സാല്‍വി, സുരേഷ് പട്വര്‍ധന്‍, ജയേഷ് സാല്‍വി, സച്ചിന്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഹിന്ദു സമൂഹത്തെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായി.
Discussion about this post