ചണ്ഡിഗഡ്: ലിവ് ഇന്‍ ടുഗതര്‍ ദമ്പതികള്‍ക്ക് നിയമസംരക്ഷണം നല്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന വിധി. ഹര്‍ജിക്കാരില്‍ ഒരാള്‍ വിവാഹം കഴിച്ചയാളാണ്, കുട്ടികളുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സംരക്ഷണം നല്‍കുന്നത് തെറ്റ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും ഭാരതീയ ധാര്‍മ്മിക മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പറഞ്ഞു. ബന്ധുക്കള്‍ അപകടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ലിവ് ഇന്‍ ടുഗതര്‍ ബന്ധത്തിന് അംഗീകാരവും സംരക്ഷണവും നല്കണമെന്ന് അഭ്യര്‍ത്ഥിച്ച് നല്കിയ ഹര്‍ജിയിലാണ് വിധി.
ഇത്തരം ഹര്‍ജികള്‍ നിയമവിരുദ്ധ നടപടികളെ പ്രോത്സാഹിപ്പിക്കും.ഭരണഘടനയുടെ 21-ാം അനുച്ഛേദം ഓരോ പൗരനും സമാധാനത്തോടെയും അന്തസോടെയും ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ടെന്നും എന്നാല്‍ ഈ അവകാശം നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കണമെന്നും ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ പറഞ്ഞു.
ഇത്തരം കേസുകളില്‍ ഹര്‍ജികള്‍ സ്വീകരിക്കുന്നത് ദ്വിഭാര്യത്വം പോലുള്ള നിയമവിരുദ്ധമായ നടപടികളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹിതരായ ഒരാള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നത് സാമൂഹികഘടനയ്ക്കും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും എതിരാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരം അവിഹിത ബന്ധങ്ങള്‍ നിയമവിധേയമാക്കുന്നത് അന്യായമാണ്. വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇത് ഹനിക്കുമെന്നും ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ വ്യക്തമാക്കി.ഇത്തരം ദമ്പതികള്‍ കുടുംബത്തിന്റെയും അച്ഛനമ്മമാരുടെയും സത്‌പേരിന് കളങ്കമുണ്ടാക്കും ഇത് രക്ഷിതാക്കളുടെ അവകാശങ്ങളുടെ ലംഘനമാണ്. വിവാഹത്തെ പവിത്രവും സാമൂഹിക പ്രാധാന്യമുള്ളതുമായ ബന്ധമെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. അത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, അത് സാമൂഹിക സ്ഥിരതയുടെയും ധാര്‍മ്മിക മൂല്യങ്ങളുടെയും അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ സംസ്‌കാരം സ്വീകരിക്കുന്നത് ഭാരതീയ സമൂഹത്തിലെ കുടുംബ, സാംസ്‌കാരിക മൂല്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് മൗദ്ഗില്‍ ചൂണ്ടിക്കാട്ടി.
ലിവ്-ഇന്‍ ടുഗതര്‍ പോലുള്ള ആധുനിക ജീവിതശൈലി സ്വീകരിക്കുന്നത് നമ്മുടെ ആഴത്തിലുള്ള സാംസ്‌കാരിക വേരുകളില്‍ നിന്നുള്ള വ്യതിചലനമാണ്. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതനായ ഒരാള്‍ക്ക് അവിഹിത ബന്ധത്തിന് സംരക്ഷണം തേടാനാകില്ലെന്ന 1955ലെ അലഹബാദ് ഹൈക്കോടതിയുടെ മുന്‍ വിധിയും ഹൈക്കോടതി ഉദ്ധരിച്ചു.
ഭാരതീയ സംസ്‌കാരം പാശ്ചാത്യരുടേതില്‍ നിന്ന് വ്യത്യസ്തമാണ്’സാമൂഹികവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്ത് സാമൂഹിക ഘടനയെ നശിപ്പിക്കാനാവില്ല, കോടതി വ്യക്തമാക്കി.
Discussion about this post