പ്രയാഗ്‌രാജ്: ഹിന്ദുക്കളില്‍ പതിതരില്ല എന്ന മുദ്രാവാക്യമുയര്‍ത്തി മഹാകുംഭമേളയില്‍ സംന്യാസി സംഗമം. രാജ്യത്തുടനീളമുള്ള വിവിധ വിഭാഗങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നുമുള്ള സന്ന്യാസിമാരാണ് രണ്ട് ദിവസം ഒത്തുചേര്‍ന്ന് സാമാജിക സമരസതയെക്കുറിച്ച് ചര്‍ച്ച ചെയ്തത്.
സമത്വവും സൗഹാര്‍ദവും പുലരുന്ന വിവേചന രഹിത സമാജമാണ് ലക്ഷ്യമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. മഹാകുംഭമേള ലോകമെമ്പാടും ആത്മീയതയുടെ സന്ദേശമാണ് നല്‍കുന്നത്. ഭാരതം പ്രയാഗയില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ ഒരുമയുടെ നൂലില്‍ ബന്ധിക്കുവാനുള്ള ശക്തി കുംഭമേഴയ്ക്കുണ്ട്. പണക്കാരനും പാവപ്പെട്ടവനുമെന്നില്ലാതെ, ജാതിഭേദമില്ലാതെ എല്ലാവരും പവിത്ര ഗംഗയില്‍ സ്‌നാനം ചെയ്യുന്നു. അസമത്വം ഇല്ലാതാക്കാനുള്ള കരുത്ത് ഗംഗാപ്രവാഹത്തിനുണ്ട്, അദ്ദേഹം പറഞ്ഞു.
സര്‍വേ ഭവന്തു സുഖിനഃ, വസുധൈവ കുടുംബകം തുടങ്ങി ലോകക്ഷേമത്തിന്റെ ദര്‍ശനമാണ് ഹിന്ദുത്വമെന്നും ഇതുതന്നെയാണ്് സനാതനമെന്നും ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍ പറഞ്ഞു. പുരാതനകാലം മുതല്‍ക്കേ ഇന്ത്യ ശാശ്വത രാഷ്ട്രമാണ്. വരാനിരിക്കുന്നത് ഭാരതത്തിന്റെ കാലമാണ്. ഭാരതം വിശ്വത്തെ നയിക്കുമെന്ന് ലോകമാകെ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ പലരും ആഗ്രഹിക്കുന്നു. എല്ലാ കുറവുകളും പരിഹരിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിന് നേതൃത്വം നല്‍കാന്‍ ഭാരതത്തെ പ്രാപ്തമാക്കേണ്ടതുണ്ടെന്ന് രാംലാല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്, സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി, സാധ്വി ഊര്‍മ്മിള, മഹന്ത് വികാസ് ദാസ്, , സമാജിക സമരസത ദേശീയ സംയോജക് ശ്യാം പ്രസാദ്, സഹസംയോജക് രവീന്ദ്ര കിര്‍ക്കോള്‍, വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ദേവ്ജി ഭായ് റാവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post