ബെംഗളൂരു: ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങൾക്ക് വിജയ ദശമിയോടെ തുടക്കമാകുമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വാർഷികങ്ങൾ ആഘോഷിക്കുന്നത് സംഘത്തിൻ്റെ രീതിയല്ല. അത് ആത്മപരിശോധനയ്ക്കും സമാജത്തെ ഒപ്പം ചേർത്ത് സംഘപ്രവർത്തനം മുന്നോട്ട് നയിക്കുന്നതിനും രാഷ്ട്ര കാര്യത്തിനായി സ്വയം സമർപ്പിക്കുന്നതിനുമുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തിൽ അഖില ഭാരതീയ പ്രതിനിധി സഭയുടെ സമാപന ദിവസം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശതാബ്ദിയിൽ കൂടുതൽ ഗുണാത്മകവും സൂക്ഷ്മവും സമഗ്രവും രീതിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകും. ഇത് ഒരു പുതിയ പ്രവർത്തന മല്ല, നൂറ്റാണ്ടുകളായുള്ള പരിശ്രമങ്ങളുടെ തുടർച്ചയാണെന്ന് ആർഎസ്എസ് സ്ഥാപകൻ ഡോ. ഹെഡ്ഗേവാർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സർകാര്യവാഹ് ഓർമ്മിപ്പിച്ചു.
ശതാബ്ദി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന വിജയദശമിയിൽ രാജ്യത്തുടനീളം ഖണ്ഡ്, നഗർ തലത്തിൽ ഗണവേഷധാരികളായ സ്വയംസേവകർ പങ്കെടുക്കുന്ന പൊതുപരിപാടികൾ നടക്കും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നാഗ്പൂരിൽ വിജയദശമി സന്ദേശം നല്കും.
2025 നവംബർ മുതൽ 2026 ജനുവരി വരെ രാജ്യമൊട്ടാകെ ഗൃഹസമ്പർക്കം നടത്തും. ശതാബ്ദിയുടെ ഭാഗമായി സമാജ പരിവർത്തനം ലക്ഷ്യമിട്ട് മുന്നോട്ടുവച്ച പഞ്ചപരിവർത്തനത്തിലൂന്നിയാകും (കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വ (തനിമ ), പൗരബോധം) ജനസമ്പർക്കം. എല്ലാ ഗ്രാമത്തിലും എല്ലാ സ്ഥലങ്ങളിലും എല്ലാ വീടുകളിലും ഈ സന്ദേശമെത്തും വിധത്തിലാകും സമ്പർക്കമെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
മണ്ഡൽ കേന്ദ്രങ്ങളിലും പ്രാദേശികമായും വിപുലമായ ഹിന്ദു സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഒരു തരത്തിലുമുള്ള വിവേചനങ്ങളില്ലാത്ത, ഒരുമയും സൗഹൃദവും നിറഞ്ഞ സാമൂഹിക ജീവിതമെന്ന സമരസതയുടെ സന്ദേശം ഈ സമ്മേളനങ്ങളിലുയരും.
ഖണ്ഡ് (താലൂക്ക്), നഗര കേന്ദ്രങ്ങളിൽ സാമാജിക സദ്ഭാവനാ സമ്മേളനങ്ങൾ നടക്കും.
ദേശീയ വിഷയങ്ങളിൽ സമൂഹത്തിന് ശരിയായ ആശയങ്ങൾ പകരാൻ ജില്ലാ കേന്ദ്രങ്ങളിൽ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് വിചാര സഭകൾ നടത്തും.
പതിനഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്കായി പ്രാദേശികതലത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സർകാര്യവാഹ് പറഞ്ഞു. രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങൾ, സേവനം, പഞ്ചപരിവർത്തനം എന്നിവയിലേക്ക് യുവാക്കളെ നയിക്കുന്നതിന് ഉതകുന്നതാകും ഇത്തരം സമ്മേളനങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post