പ്രയാഗ് രാജ്: ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ അവധിക്കാലത്ത് രാമായണ, വേദ ശില്പശാലകള്‍ സംഘടിപ്പിക്കുന്നതിനെതിരെ നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള അയോദ്ധ്യ തുളസി സ്മാരക ഭവനാണ് ശില്പശാലകള്‍ക്കുള്ള കത്ത് സ്‌കൂളുകള്‍ക്ക് നല്കിയത്. ഇത് മതപ്രചാരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് ഡോ. ചതുരാനന്‍ ഓഝാ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അരുണ്‍ ഭംസാലി, ജസ്റ്റിസ് ക്ഷിതിജ് ശൈലേന്ദ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
തുളസി സ്മാരക ഭവന്‍ അന്താരാഷ്ട്ര രാമായണ, വേദിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മെയ് അഞ്ചിനാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ശില്പശാല സംബന്ധിച്ച കത്ത് നല്കിയത്. രാംലീല, കളിമണ്‍ മോഡലിങ്, രാമായണ മുഖ അലങ്കാരം, വേദഗാനം, വേദ പൊതുവിജ്ഞാനം എന്നിവ ഉള്‍പ്പെടുത്തി അഞ്ച് മുതല്‍ 10 ദിവസം വരെയുള്ള അവധിക്കാല രാമായണ, വേദ ശില്പശാല 75 ജില്ലകളിലും സംഘടിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാലിത് ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
കുട്ടികളില്‍ സാംസ്‌കാരിക മൂല്യങ്ങളും കലയില്‍ താല്‍പ്പര്യവും വളര്‍ത്തുക എന്ന ലക്ഷ്യമാണ് ശില്പശാലയ്ക്കുള്ളതെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. ഹര്‍ജി ദുരുദ്ദേശ്യത്തോടെയാണെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ രാജീവ് കുമാര്‍ സിങ് കോടതിയില്‍ വാദിച്ചു.
Discussion about this post