ന്യൂദല്‍ഹി: ഭാരതത്തിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പൊതുസേവന പ്രതിബദ്ധതയുടെയും പ്രതീകമായി നിര്‍മിച്ച കര്‍ത്തവ്യഭവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള കര്‍ത്തവ്യ ഭവന്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെയും പദ്ധതികളുടെയും വേഗത്തിലുള്ള നടപ്പാക്കല്‍ സാധ്യമാക്കുക മാത്രമല്ല, രാജ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ത്തവ്യപഥിലെ മന്ദിരം രാഷ്‌ട്ര സേവനത്തിനായി സമര്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്നു പ്രധാനമന്ത്രി എക്സില്‍ അഭിപ്രായപ്പെട്ടു. കെട്ടിട നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു.
വികസിതവും സ്വാശ്രയവുമായ ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ സമര്‍പ്പണത്തെയാണ് കര്‍ത്തവ്യഭവന്‍ പ്രതിനിധീകരിക്കുന്നത്. അത് കെട്ടിപ്പടുത്ത തൊഴിലാളികളുടെ ദൃഢനിശ്ചയത്തിനും കഠിനാധ്വാനത്തിനും രാഷ്‌ട്രം സാക്ഷ്യം വഹിച്ചു. അവരുമായി സംവദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കര്‍ത്തവ്യഭവന്‍ നിര്‍മാണത്തിന്റെ ഓരോ വശവും പരിസ്ഥിതി സംരക്ഷണം മനസില്‍ കണ്ടാണ് നടത്തിയത്. കെട്ടിട പരിസരത്ത് വൃക്ഷത്തൈ നട്ടു, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
സെന്‍ട്രല്‍ വിസ്ത പദ്ധതി ഭാഗമായി ഉദ്ഘാടനം ചെയ്യുന്ന ആദ്യ ഓഫീസാണ് കര്‍ത്തവ്യഭവന്‍ 3. ന്യൂദല്‍ഹിയുടെ പല ഭാഗങ്ങളിലായുള്ള വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒന്നിച്ചു കൊണ്ടുവന്ന് കാര്യക്ഷമത, നവീകരണം, സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനാണ് കര്‍ത്തവ്യഭവന്‍ നിര്‍മിച്ചിരിക്കുന്നത്. 1.5 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അതില്‍ ആഭ്യന്തര, വിദേശകാര്യ, ഗ്രാമ വികസന മന്ത്രാലയങ്ങള്‍, എംഎസ്എംഇ, ഡിഒപിടി, പെട്രോളിയം- പ്രകൃതി വാതകം, പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ ഓഫീസുകള്‍ എന്നിവയുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള മറ്റു കെട്ടിട നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നു.
Discussion about this post