ജബല്‍പൂര്‍(മധ്യപ്രദേശ്): ഗുരു തേഗ്ബഹാദൂറിന്റെ 350-ാം ബലിദാന വാര്‍ഷിക പരിപാടികളിലും വീര ബിര്‍സമുണ്ടയുടെ 150-ാമത് ജയന്തി പരിപാടികളിലും മുഴുവന്‍ സമൂഹവും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിച്ച് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍. ജബല്‍പൂരില്‍ ചേരുന്ന കാര്യകാരിമണ്ഡല്‍ ബൈഠക്കില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് ഇത് സംബന്ധിച്ച പ്രസ്താവന നല്കിയത്. വിദേശ അക്രമിയായ ഔറംഗസേബിന്റെ അതിക്രൂരമായ അക്രമങ്ങളില്‍നിന്ന് ഭാരതീയ സമൂഹത്തെയും ധര്‍മ്മത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഗുരു തേഗ്ബഹാദൂര്‍ നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ധര്‍മ്മത്തെയും സംസ്‌കാരത്തെയും നശിപ്പിക്കാനായി നിര്‍ബന്ധിതമതപരിവര്‍ത്തനമടക്കം നടമാടിയിരുന്ന കാലമായിരുന്നു അത്. ഔറംഗസേബിന്റെ ഭരണത്തെ വെല്ലുവിളിച്ച് സമൂഹത്തിന്റെ ആത്മവിശ്വാസം ഉണര്‍ത്താന്‍ സ്വജീവന്‍ ബലിയര്‍പ്പിക്കുകയായിരുന്നു ഗുരു ചെയ്തത്. ഇസ്ലാമിലേക്ക് മാറുക അല്ലെങ്കില്‍ വധശിക്ഷ സ്വീകരിക്കുക എന്ന മര്‍ദ്ദക ഭരണകൂടത്തിന്റെ ആവശ്യത്തിന് വഴങ്ങുന്നതിനുപകരം, ഗുരു ആത്മത്യാഗത്തിന്റെ പാത തെരഞ്ഞെടുത്തു. 1675ല്‍ ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലാണ് ധര്‍മ്മരക്ഷയ്ക്കായി അദ്ദേഹം ജീവന്‍ ബലിയര്‍പ്പിച്ചത്. ഭാരതീയ പാരമ്പര്യത്തിലെ തിളക്കമേറിയ താരകമാണ് ഗുരു. അദ്ദേഹത്തിന്റെ ദര്‍ശനവും ആത്മത്യാഗത്തിന്റെ പ്രാധാന്യവും പ്രചരിപ്പിക്കുകയാണ് ആ ഓര്‍മ്മകള്‍ക്കുള്ള ശരിയായ ശ്രദ്ധാഞ്ജലി എന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
മഹത്തായ ഭാരത സ്വാതന്ത്ര്യസമരത്തിന് വനവാസികളായ സ്വാതന്ത്ര്യ സമര സേനാനികളുടെയും യോദ്ധാക്കളുടെയും അവിസ്മരണീയ പാരമ്പര്യമുണ്ടെന്ന് വീര ബിര്‍സമുണ്ടയുടെ ജയന്തി പരാമര്‍ശിച്ച് സര്‍കാര്യവാഹ് പറഞ്ഞു. 1875 നവംബര്‍ 15 ന് ഝാര്‍ഖണ്ഡിലെ ഉലിഹാതുവില്‍ ജനിച്ച ഭഗവാന്‍ ബിര്‍സയുടെ 150-ാം ജന്മവാര്‍ഷികമാണിത്. വനവാസി സമൂഹത്തെ മതംമാറ്റിയും തനിമയില്‍ നിന്ന് അകറ്റിയും ബ്രിട്ടീഷുകാര്‍ നടത്തിയ ഗൂഢനീക്കങ്ങളോട് പൊരുതിയ ബിര്‍സയും ധര്‍മ്മവും പാരമ്പര്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയത്. നമ്മുടെ രാജ്യം നമ്മുടെ ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി ബിര്‍സ ആരംഭിച്ച മുന്നേറ്റം വനവാസികളുടെ അവകാശങ്ങള്‍, വിശ്വാസങ്ങള്‍, പാരമ്പര്യം, ധര്‍മ്മം എന്നിവ സംരക്ഷിക്കുന്നതിനായി പോരാടുന്നതിന് ആയിരങ്ങള്‍ക്ക് പ്രേരണയായി. പവിത്രമായ ജീവിത ലക്ഷ്യത്തിനായി പോരാടുന്നതിനിടയില്‍ വെള്ളക്കാരന്റെ ജയിലില്‍ ഇരുപത്തഞ്ചാം വയസില്‍ അദ്ദേഹം ബലിദാനിയായി,പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച ഭാരത സര്‍ക്കാര്‍ എല്ലാ വര്‍ഷവും നവംബര്‍ 15 ന് ജനജാതി ഗൗരവദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് ഭിന്നതകള്‍ സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഗോത്ര സമൂഹത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പ്രചരണം നടത്തുന്ന ഈ കാലത്ത് ഭഗവാന്‍ ബിര്‍സയുടെ ജീവിതവും സമരവും ഉള്‍ക്കൊണ്ട് സമൂഹത്തില്‍ ആത്മവിശ്വാസം വളര്‍ത്തണമെന്ന് ദത്താത്രേയ ഹൊസബാളെ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
 
			















Discussion about this post