ജബല്‍പൂര്‍: ഭിന്നതകളില്ലാത്ത സമൂഹരചനയാണ് സമാജിക സദ്ഭാവ് പ്രവര്‍ത്തനങ്ങളിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജാതി വ്യത്യാസമെന്ന പൂച്ചയ്ക്ക് ആര് മണികെട്ടുമെന്നതാണ് ചോദ്യം. അതിനുള്ള ഉത്തരമാണ് ഈ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. ജബല്‍പൂരില്‍ സമാപിച്ച ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന്റെ ഭാഗമായ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വലിയ പ്രസംഗങ്ങള്‍ കൊണ്ട് ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകില്ല. പ്രാദേശിക തലങ്ങളില്‍ സമാഹിക, ധാര്‍മ്മിക, രാഷ്ട്രീയ രംഗത്തെ നേതാക്കള്‍ ഒരുമിച്ചിരുന്ന് ഇതേപ്പറ്റി ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. വിവിധ സമുദായങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര്‍, വിവിധ സമ്പ്രദായങ്ങള്‍, ഗായത്രി പരിവാറും ആര്‍ട് ഓഫ് ലിവിങ്ങും പോലെയുള്ള പുതിയ പുതിയ മാര്‍ഗങ്ങള്‍ തുടങ്ങിയ ധാര്‍മ്മിക സംവിധാനങ്ങളുടെ ഒരുമിച്ചുചേരലുണ്ടാകണം.
തെരഞ്ഞെടുപ്പ് കാലങ്ങളിലടക്കം രാഷ്ട്രീയപാര്‍ട്ടികള്‍ ദൗര്‍ഭാഗ്യവശാല്‍ ജാതി പരിഗണനകളും ജാതിവ്യത്യാസങ്ങളും ഉള്‍ക്കൊള്ളുന്ന സാഹചര്യമുണ്ടാകുന്നു. ഇത് മാറണമെങ്കില്‍ പരസ്പരം സഹകരിക്കുകയും ഒത്തുചേരുകയും ചെയ്യുന്ന രീതികള്‍ വളരണം. രാജ്യത്ത് പലയിടത്തും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് സമന്വയത്തിന്റെ നല്ല മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് സര്‍കാര്യവാഹ് പറഞ്ഞു.ആര്‍എസ്എസിനെ നിരോധിക്കണമെന്ന് പറയുന്നവര്‍ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തെ നിരോധിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ പരിശ്രമിക്കട്ടെ എന്നായിരുന്നു മറുപടി. മുമ്പും പല തവണ അവര്‍ അതിന് ശ്രമിച്ചല്ലോ. എന്നിട്ടെന്തായി എന്ന് അനുഭവങ്ങളില്‍ നിന്ന് പഠിക്കണം. സമൂഹം സംഘത്തെ സ്വീകരിച്ചു. നിരോധനങ്ങള്‍ക്ക് അവര്‍ ഉയര്‍ത്തിയ കാരണങ്ങളെല്ലാം കോടതികള്‍ തള്ളിക്കളഞ്ഞു. രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വികാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തെ നിരോധിക്കണമെന്ന് പറയാനുള്ള കാരണമെന്താണ്? ഒരു കാരണവുമില്ലാതെ ആളുകള്‍ക്ക് ആഗ്രഹിക്കുമ്പോഴൊക്കെ ചെയ്യാന്‍ പറ്റുന്ന കാര്യമാണോ നിരോധനമെന്ന് അദ്ദേഹം ചോദിച്ചു.
മണിപ്പൂരിലെ സാഹചര്യങ്ങളില്‍ ഭാവാത്മകമായ വലിയ മാറ്റങ്ങളുണ്ടായെന്ന് അദ്ദേഹം കാര്യകാരിമണ്ഡല്‍ യോഗത്തിലെ ചര്‍ച്ചകള്‍ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി. സംസ്ഥാനത്തെ സര്‍ക്കാരിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ശക്തമായ ചുവടുവയ്പാണ് അവിടെ നടത്തിയത്. സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നത് അനുസരിച്ച് സര്‍ക്കാര്‍ പുനഃസ്ഥാപിക്കപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. സംഘവും അതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ മണിപ്പൂരിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. പ്രധാനമന്ത്രി നേരിട്ട് അവിടെയെത്തി വികസനപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്കി. സര്‍ക്കാര്‍ അത്തരം കാര്യങ്ങളില്‍ മുന്നോട്ടുപോകുന്നതോടൊപ്പം സമൂഹവും അനുകൂലമായി നീങ്ങണം.
ഭിന്നതകള്‍ അകറ്റി പരസ്പര വിശ്വാസത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയിലേക്ക് എല്ലാവരും എത്തണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മണിപ്പൂരില്‍ കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിച്ചത് അവിടെ നല്ല നാളുകള്‍ വരുന്നതിന് തുടക്കം കുറിച്ചുവെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
ഛത്തിസ്ഗഡ്, ഝാര്‍ഖണ്ഡ് മേഖലകളിലെ നക്‌സല്‍ ഭീഷണി ഒഴിയുന്നത് ആശാവഹമായ കാര്യമാണ്. ആയുധമുപേക്ഷിച്ച് നൂറ് കണക്കിന് ആളുകള്‍ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ തയാറാകുന്നു. നമ്മുടെ സമാജത്തിന്റെ തന്നെ ഭാഗമാണ് അവരും എന്ന ഭാവത്തോടെ അവരെ സ്വീകരിക്കാന്‍ സമൂഹം തയാറാകണം. വനവാസി സമൂഹം നേരിട്ട അവഗണനയും ചൂഷണവും അടക്കമുള്ള സാഹചര്യങ്ങള്‍ മുതലെടുത്താണ് നക്‌സല്‍ തീവ്രവാദികള്‍ വളര്‍ന്നതെന്നും ആ സാഹചര്യമുണ്ടാകാതിരിക്കാന്‍ ഒരുമിച്ചുള്ള പരിശ്രമങ്ങള്‍ ആവശ്യമാണെന്നും സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും പങ്കെടുത്തു.












Discussion about this post