ജബല്‍പൂര്‍(മധ്യപ്രദേശ്): സംഘശതാബ്ദിയുടെ ഭാഗമായി രാജ്യത്തുടനീളം സമൂഹത്തെയാകെ ഒരുമിപ്പിച്ചുകൊണ്ട് എണ്‍പതിനായിരം ഹിന്ദുസമ്മേളനങ്ങള്‍ നടത്തുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പഞ്ചപരിവര്‍ത്തനത്തിലൂടെ സമാജപരിവര്‍ത്തനം എന്ന വിഷയത്തിലൂന്നിയാകും സമ്മേളനങ്ങള്‍. സംന്യാസിമാര്‍, സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍, മാതൃശക്തി എന്നിവരുടെ സജീവമായ പങ്കാളിത്തം ഇതിലുണ്ടാകും. 45,000 ഗ്രാമകേന്ദ്രങ്ങളിലും 35,000 നഗരകേന്ദ്രങ്ങളിലും സമ്മേളനങ്ങള്‍ നടക്കും. അതിന് പിന്നാലെ സമാജിക സദ്ഭാവനാ യോഗങ്ങള്‍, ജില്ലാ കേന്ദ്രങ്ങളില്‍ പൗരപ്രമുഖരുടെ സമ്മേളനങ്ങള്‍ എന്നിവയും നടക്കുമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. ജബല്‍പൂരിലെ കച്ച്‌നാര്‍ സിറ്റിയില്‍ നടന്ന അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന്റെ അവസാന ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശതാബ്ദി കാര്യക്രമങ്ങള്‍ക്ക് തുടക്കം കുറിച്ച വിജയദശമി പരിപാടികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ഹൊസബാളെ പറഞ്ഞു. 62555 വിജയദശമി പരിപാടികളാണ് രാജ്യത്താകെ നടന്നത്. 3245,141 സ്വയംസേവകര്‍ പൂര്‍ണഗണവേഷത്തില്‍ പങ്കെടുത്തു. 25,000 കേന്ദ്രങ്ങളിലാണ് പഥസഞ്ചലനം നടന്നത്. 25,45,800 സ്വയംസേവകര്‍ പങ്കെടുത്തു. ആന്‍ഡമാന്‍, ലഡാക്ക്, മേഘാലയ, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നിവിടങ്ങളിലടക്കം രാജ്യത്തിന്റെ എല്ലാ മേഖലയിലും വിജയദശമി പരിപാടികള്‍ നടന്നുവെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 10000 പുതിയ സ്ഥലങ്ങളില്‍ സംഘ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍, 55,052 സ്ഥലങ്ങളിലായി 87,398 ശാഖകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15,000 എണ്ണം കൂടുതലാണ്. കൂടാതെ, ആഴ്ചയിലൊരിക്കല്‍ ചേരുന്ന 32,362 മിലനുകളും പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കളില്‍ പിടിമുറുക്കുന്ന മയക്കുമരുന്ന് വിപത്തിനെക്കുറിച്ച് കാര്യകാരി മണ്ഡല്‍ ബൈഠക്കില്‍ ഗൗരവപൂര്‍ണമായ ചര്‍ച്ച നടന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ യുവാക്കള്‍ സാങ്കേതികവിദ്യയും സാമര്‍ത്ഥ്യവും ഉപയോഗിച്ച് രാഷ്ട്രവികാസത്തില്‍ പങ്കാളിയാകുമ്പോള്‍ത്തന്നെ മറുവശത്ത്, മയക്കുമരുന്നിന് അടിമപ്പെടുന്ന സാഹചര്യവുമുണ്ട്. നമ്മുടെ സ്‌കൂളുകളിലും കോളജുകളിലും മയക്കുമരുന്ന് വില്‍ക്കപ്പെടുന്നു. ഇത് തടയാന്‍, സര്‍ക്കാരും സമൂഹവും ധാര്‍മിക സംഘടനകളും, പൊതു പ്രവര്‍ത്തകരും സജീവമായ ഇടപെടല്‍ നടത്തണം. സംഘം കുടുംബപ്രബോധന കാര്യക്രമങ്ങളിലൂടെ വീടുകളില്‍ നിന്ന് തന്നെ മാറ്റമുണ്ടാകണമെന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Discussion about this post