ബെംഗളൂരു: രാഷ്ട്രീയ അധികാരമല്ല, രാഷ്ട്രത്തിന്റെ പരമവൈഭവമാണ് ആര്‍എസ്എസ് ലക്ഷ്യമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതത്തെ ലോകത്തിന് മുന്നില്‍ ശ്രേഷ്ഠമായ നിലയിലെത്തിക്കുന്നതിന് വേണ്ടിയാണ് സംഘം സമാജത്തെ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘സംഘയാത്രയുടെ 100 വര്‍ഷം: പുതിയ ചക്രവാളങ്ങള്‍” എന്ന തലക്കെട്ടില്‍ ബെംഗളൂരു ബെനശങ്കരം പിഇഎസ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പ്രഭാഷണ പരമ്പരയുടെ ആദ്യദിനത്തില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ മറ്റേതൊരു സംഘടനയെയും പോലെയല്ല ആര്‍എസ്എസ്. അതൊരു ഒരു സവിശേഷ സംഘടനയാണ്. ഏതെങ്കിലും സംഭവത്തിന്റെയോ സാഹചര്യത്തിന്റെയോ പ്രതികരണമെന്ന നിലയിലല്ല സംഘം ആരംഭിച്ചത് അത് ആരെയെങ്കിലും എതിര്‍ത്ത് തോല്പിക്കാന്‍ രൂപീകരിച്ചതല്ല. മുഴുവന്‍ സമൂഹത്തെയും ഒന്നിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തനം. വ്യക്തിനിര്‍മാണവും സംഘടിതസമാജവുമാണ് സംഘത്തിന്റെ രീതിശാസ്ത്രം. ഭാരതമാതാവിനെ നിസ്വാര്‍ത്ഥമായി സേവിക്കുന്നതിനായി അച്ചടക്കവും സമര്‍പ്പണഭാവവുമുള്ള വ്യക്തികളെ വാര്‍ത്തെടുക്കുകയാണ് സംഘം ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.സംഘത്തിന്റെ പാത നശീകരണത്തിന്റെയോ ഏറ്റുമുട്ടലിന്റെയോ അല്ല. അത് സാക്ഷാത്കാരത്തിന്റെ പാതയാണ്. വ്യക്തിപരമായ നേട്ടത്തെക്കുറിച്ചല്ല, ഭാരതമാതാവിന്റെ ഉന്നതിയെക്കുറിച്ച് ചിന്തിക്കാന്‍ സംഘം വ്യക്തികളെ പരിശീലിപ്പിക്കുന്നു. രാഷ്ട്രചിന്ത മാത്രമാണ് ഈ പ്രവര്‍ത്തനത്തില്‍ പ്രകടമാകുന്നത്.
സംഘത്തിന്റെ പ്രാര്‍ത്ഥന തന്നെ ഇതാണ് പ്രതിഫലിപ്പിക്കുന്നത്. ഭാരതമാതാവിനോടുള്ള പ്രാര്‍ത്ഥനയോടെ ആരംഭിച്ച് ‘ഭാരത് മാതാ കീ ജയ്’ എന്ന് അവസാനിക്കുന്ന സംഘപ്രാര്‍ത്ഥനയാണ് സ്വയംസേവകന്റെ ഭക്തിയുടെ സത്ത.
ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് സ്വയംപര്യാപ്തമായാണെന്ന് സര്‍സംഘചാലക് പറഞ്ഞു. അതിനായി ഒരു പൈസ പോലും പുറത്തു നിന്ന് എടുത്തിട്ടില്ല. ലോകത്ത് ഒരു സംഘടനയും സംഘം നേരിട്ടതുപോലെയുള്ള വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടില്ല. സംഘം മൂന്ന് നിരോധനങ്ങളെ അതിജീവിച്ചു. ഒന്നിലും ഉലയാതെ, തകര്‍ക്കപ്പെടാതെ അത് ഉറച്ചുനിന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.ഭാരതം എന്ന നിലയില്‍ നമ്മള്‍ ആരാണെന്ന കാര്യത്തിലുണ്ടായ മറവി രാഷ്ട്രത്തെ ദോഷകരമായി ബാധിച്ചുവെന്ന് സര്‍സംഘചാലക് പറഞ്ഞു. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മള്‍ നമ്മുടെ തനിമ മറന്നു. ആത്മവിസ്മൃതി നമ്മെ വിഴുങ്ങി. നമ്മള്‍ നമ്മുടെ സ്വന്തം ജനങ്ങളെ മറന്നു, നമ്മുടെ വൈവിധ്യവും വ്യത്യാസങ്ങളും വിഭജനരേഖകളായി മാറിയത് അങ്ങനെയാണ്. വേര് മറന്നത് കൊണ്ടാണ് സാമൂഹ്യമുന്നേറ്റത്തില്‍ ദീര്‍ഘകാലം നമ്മള്‍ പിന്നാക്കം പോയതെന്ന് സ്വാമി ദയാനന്ദസരസ്വതിയും സ്വാമി വിവേകാനന്ദനും പരാമര്‍ശിച്ചിട്ടുണ്ട്.
നമ്മുടെ ഭാരതം അതിന്റെ ചരിത്രത്തിലുടനീളം തുടര്‍ച്ചയായ അധിനിവേശങ്ങളെ നേരിട്ടിട്ടുണ്ട്. ബ്രിട്ടീഷുകാരായിരുന്നില്ല ആദ്യത്തെ ആക്രമണകാരികള്‍. ആദ്യം ശകന്മാര്‍, ഹൂണര്‍, കുശാനര്‍, യവനര്‍, തുടര്‍ന്ന് ഇസ്ലാമിക അധിനിവേശക്കാര്‍, ഒടുവിലാണ് ബ്രിട്ടീഷുകാരെത്തിയത്. ബ്രിട്ടീഷുകാര്‍ വരുന്നതിനു വളരെ മുമ്പുതന്നെ നമ്മള്‍ ഒരു രാഷ്ട്രമായിരുന്നു.
ഭാരതത്തിന് വേണ്ടി നിലകൊണ്ടവരെല്ലാം ഹിന്ദുക്കളാണ്. ഹിന്ദുവായിരിക്കുക എന്നതിനെ നിര്‍വചിക്കുന്നത് മതവിശ്വാസമല്ല, രാഷ്ട്രത്തോടുള്ള കടമയും ഉത്തരവാദിത്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. നമുക്കെല്ലാം ഒരേ പൂര്‍വികരാണുള്ളത്. മതവിശ്വാസമേതായാലും എല്ലാവരും ഹിന്ദുക്കളാണ്. ഹിന്ദുവായിരിക്കുക എന്നാല്‍ ഭാരത മാതാവിന്റെ പിന്‍ഗാമികളായിരിക്കുക എന്നാണ്. ഹിന്ദുവായിരിക്കുക എന്നാല്‍ ഭാരതത്തോട് ഉത്തരവാദിത്തം ഉണ്ടായിരിക്കുക എന്നാണ്.
ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുന്നവര്‍, ഹിന്ദുക്കളാണെന്ന് പറയുന്നുണ്ടെങ്കിലും അതില്‍ അഭിമാനിക്കാത്തവര്‍, സ്വകാര്യമായി ഹിന്ദുവാണെന്ന് പറയുകയും ഭയം കൊണ്ടോ സ്വാര്‍ത്ഥംകൊണ്ടോ പരസ്യമായി പറയാതിരിക്കുകയും ചെയ്യുന്നവര്‍, തങ്ങള്‍ ഹിന്ദുക്കളാണെന്ന് പൂര്‍ണ്ണമായും മറന്നുപോയവര്‍ എന്നിങ്ങനെ നാല് തരം ഹിന്ദുക്കളാണുള്ളത്. മറന്നുപോയ ആ തനിമയെയും ഏകാത്മകതയെയും ഉണര്‍ത്തുക എന്നതാണ് സംഘത്തിന്റെ ദൗത്യം. മറവിയെ മറികടക്കുക, നമ്മള്‍ ആരാണെന്ന അവബോധം തിരികെ കൊണ്ടുവരിക, ഭാരതമാതാവിന്റെ പരമവൈഭവത്തിനായി സമൂഹത്തെ ഒന്നിപ്പിക്കുക എന്നതാണ് സംഘത്തിന്റെ കടമ, സര്‍സംഘചാലക് പറഞ്ഞു.















Discussion about this post