ഗുവാഹത്തി(ആസാം): ഏത് ആരാധനാരീതി പിന്തുടരുന്നവരായാലും ഭാരതത്തെ സ്‌നേഹിക്കുകയും ഈ രാഷ്ട്രത്തിന്റെ സാംസ്‌കാരികത്തനിമയില്‍ അഭിമാനിക്കുകയും ചെയ്യുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘശതാബ്ദിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാനനഗരങ്ങളില്‍ സംഘടിപ്പിക്കുന്ന സംവാദസഭയുടെ ഭാഗമായി ഗുവാഹത്തിയില്‍
ഹിന്ദു എന്ന വാക്ക് മതപരമല്ല, മറിച്ച് ആയിരക്കണക്കിന് വര്‍ഷത്തെ സാംസ്‌കാരിക തുടര്‍ച്ചയില്‍ കെട്ടിപ്പടുത്ത ദേശത്തനിമയാണ്. ഭാരതം, ഹിന്ദു എന്നീ പദങ്ങള്‍ പര്യായങ്ങളാണ്. ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ല, ഇത് ഹിന്ദുരാഷ്ട്രമാണ്, ഈ രാഷ്ട്രത്തിന്റെ ആത്മാവ് ഹിന്ദുത്വത്തെ സ്വയം പ്രകാശിപ്പിക്കുന്നുണ്ട്, സര്‍സംഘചാലക് പറഞ്ഞു.
ആര്‍എസ്എസ് രൂപീകരിച്ചത് എന്തിനോടെങ്കിലുമുള്ള എതിര്‍പ്പ് കൊണ്ടല്ല. വ്യക്തിനിര്‍മാണത്തിലൂടെ സമൂഹത്തെ സംഘടിപ്പിക്കാനും അതുവഴി ഭാരതത്തെ ഒരു ലോക നേതൃസ്ഥാനത്തെത്തിക്കുന്നതിനും വേണ്ടിയാണ് ആര്‍എസ്എസ് സ്ഥാപിതമായത്. സംഘത്തെക്കുറിച്ച് മുന്‍വിധിയോടെ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതിനുപകരം ശാഖകളില്‍ പങ്കെടുത്ത് ശരിയായ ധാരണയിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിവിധതകള്‍ക്കുമിടയില്‍ ഭാരതത്തെ ഏകാത്മകമാക്കുന്ന രീതിശാസ്ത്രമാണ് സംഘം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമാജിക സമരസത, കുടുംബമൂല്യങ്ങളുടെ സംരക്ഷണം, പൗരധര്‍മ്മം, തനിമയെക്കുറിച്ചുള്ള അവബോധം, പരിസ്ഥിതി സംരക്ഷണം എന്നീ അഞ്ച് പരിവര്‍ത്തനമാര്‍ഗങ്ങളിലൂടെ ഭാരതീയജീവിതത്തെ മാതൃകാപരമാക്കിത്തീര്‍ക്കണം. പൂര്‍വികരുടെ കഥകളിലൂടെ പുതിയ തലമുറയില്‍ സാമൂഹികവും ദേശീയവുമായ ചുമതലാബോധം വളര്‍ത്തേണ്ടത് കുടുംബത്തിന്റെ കര്‍ത്തവ്യമാണ്. ലച്ചിത് ബര്‍ഫുക്കന്‍, ശ്രീമന്ത ശങ്കര്‍ദേവ് തുടങ്ങിയ മഹാന്മാരെല്ലാം ആസാമിലാണ് പിറന്നതെങ്കിലും അവര്‍ മുഴുവന്‍ രാജ്യത്തിനും പ്രേരണയാണെന്ന് സര്‍സംഘചാലക് പറഞ്ഞു.
ജനസംഖ്യാപരമായ വെല്ലുവിളികളെ നേരിടാന്‍ ജാഗ്രത ആവശ്യമാണ്. നാടിന്റെ ഭൂമിയും തനിമയും സംരക്ഷിക്കാന്‍ സംസ്‌കൃതിയില്‍ അഭിമാനവും ആത്മവിശ്വാസവും വേണം. അനധികൃത കുടിയേറ്റം, ജനസംഖ്യാവിഷയങ്ങള്‍, മതപരിവര്‍ത്തനനീക്കങ്ങള്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. സമൂഹമാധ്യമങ്ങള്‍ നമ്മളെ നിയന്ത്രിക്കുകയല്ല, നമ്മളാണ് അവയെ നിയന്ത്രിക്കുന്നതെന്ന് യുവാക്കള്‍ പ്രത്യേകം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

















Discussion about this post