അയോധ്യ: പ്രപഞ്ചത്തിന്റെ ആധ്യാത്മിക തലസ്ഥാനത്ത്, ഭാരതത്തിന്റെ ധര്‍മകേന്ദ്രത്തില്‍, ശ്രീരാമന്റെ ജന്മഭൂമിയില്‍ ഇന്ന് ധ്വജാരോഹണം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രാണപ്രതിഷ്ഠ നടത്തിയ രാമക്ഷേത്രത്തിന്റെ എല്ലാ നിര്‍മാണവും പൂര്‍ത്തിയാക്കിയാണ് ഇന്ന് ധ്വജാരോഹണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുച്ചയ്‌ക്ക് 11.58നും ഒന്നിനുമിടെയുള്ള പുണ്യമുഹൂര്‍ത്തത്തില്‍ ഓം എന്ന് ആലേഖനം ചെയ്ത കാവി പതാക രാമക്ഷേത്രത്തില്‍ ഉയര്‍ത്തും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തിലാണ് ധ്വജാരോഹണം.
രാവിലെ 10 മണിയോടെ വസിഷ്ഠ മഹര്‍ഷി, വിശ്വാമിത്ര മഹര്‍ഷി, അഗസ്ത്യ മഹര്‍ഷി, വാല്‍മീകി മഹര്‍ഷി, അഹല്യാ ദേവി, നിഷാദ്രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളുള്ള സപ്തമന്ദിരം പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് ശേഷാവതാര ക്ഷേത്രത്തിലും മാതാ അന്നപൂര്‍ണ ക്ഷേത്രത്തിലും ദര്‍ശനം. അതിനുശേഷം രാം ദര്‍ബാര്‍ ഗര്‍ഭഗൃഹത്തില്‍ ദര്‍ശനവും പൂജയും. രാം ലല്ല ഗര്‍ഭഗൃഹത്തില്‍ ആരതി ഉഴിഞ്ഞ് പ്രാര്‍ത്ഥിച്ച് ധ്വജാരോഹണം നടത്തും. ചരിത്ര അവസരത്തില്‍ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും.
മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ശുഭപഞ്ചമി ദിനമാണ് ധ്വജാരോഹണത്തിന് തെരഞ്ഞെടുത്തത്. ശ്രീരാമന്റെയും സീതയുടേയും വിവാഹ പഞ്ചമിയുമായി ഒത്തുചേരുന്ന അഭിജിത്ത് മുഹൂര്‍ത്തത്തിലാണ് ചടങ്ങ്.പതിനേഴാം നൂറ്റാണ്ടില്‍ അയോധ്യയില്‍ 48 മണിക്കൂര്‍ തടസമില്ലാതെ ധ്യാനിച്ച ഒമ്പതാമത്തെ സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വ ദിനവും ഇതേ ദിവസമാണ്.
രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പത്ത് അടി ഉയരവും ഇരുപത് അടി നീളവുമുള്ള ത്രികോണാകൃതിയിലുള്ള പതാകയില്‍, ശ്രീരാമന്റെ മഹിമയും വീര്യവും പ്രതിനിധാനം ചെയ്യുന്ന തേജസുള്ള സൂര്യന്റെ ചിത്രവും കോവിദാര വൃക്ഷത്തിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ 191 അടി ഉയരമുള്ള ഗോപുരത്തിലാണ് പതാക ഉയര്‍ത്തുക. ചടങ്ങില്‍ 108 ആചാര്യന്മാര്‍ പങ്കെടുക്കും.
ധ്വജാരോഹണം ഉജ്ജ്വലമാക്കാന്‍ വന്‍തയാറെടുപ്പുകളാണ് കുറച്ചു ദിവസമായി അയോധ്യയില്‍ നടന്നത്. കഴിഞ്ഞ ദിവസം കലശയാത്ര നടത്തിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരുക്കങ്ങള്‍ വിലയിരുത്തി. ഇന്ന് സാകേത് കോളജില്‍ നിന്ന് റോഡ് ഷോ നയിച്ചാണ് പ്രധാനമന്ത്രി രാമജന്മഭൂമിയിലെത്തുന്നത്.
2020 ആഗസ്ത് അഞ്ചിനാണ് ഔദ്യോഗികമായി രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. രാമക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തര്‍ ഡിസംബറോടെ 50 കോടി കവിയുമെന്നാണ് പ്രതീക്ഷ.













Discussion about this post