അയോദ്ധ്യ: ക്ഷേത്രം നിര്‍മ്മിക്കുമെന്ന നിതാന്ത സ്വപ്നവുമായി നൂറ്റാണ്ടുകളായി ഈ പോരാട്ടം തുടര്‍ന്ന എല്ലാ ധീരാത്മാക്കളും സംതൃപ്തരായ, സഫലതയുടെ ദിനമാണിതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അയോദ്ധ്യയില്‍ ശ്രീരാമജന്മഭൂമിതീര്ത്ഥക്ഷേത്രത്തിലെ ധ്വജാരോഹണച്ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ സ്വപ്നം കണ്ടതിലും സമുജ്ജ്വലമായി ഭവ്യമന്ദിരം ഉയര്‍ന്നിരിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു. ഒരുകാലത്ത് സമ്പൂര്ണവിശ്വത്തിനും സുഖവും ശാന്തിയും പകര്‍ന്ന് അയോദ്ധ്യയില്‍ പാറിയിരുന്ന രാമരാജ്യത്തിന്റെ പതാക വീണ്ടും ഉയര്‍ന്നിരിക്കുന്നു. രഘുകുലത്തിന്റെ പ്രതീകമായ കോവിദാര വൃക്ഷം ഈ കാവിപതാകയില്‍ കാണാം. ദേവവൃക്ഷങ്ങളായ മന്ദാരവും പാരിജാതവും ഒന്നുചേര്‍ന്നതാണ് കോവിദാരം. ഇത് രഘുകുലധര്മ്മത്തിന്റെ അടയാളമാണ്. കൊടുംവെയിലേറ്റ് അന്യര്‍ക്ക് തണല്‍ പകരുന്ന, മറ്റുള്ളവര്‍ക്ക് ഫലങ്ങള്‍ നല്കുന്ന വൃക്ഷങ്ങള്‍ ധര്‍മ്മജീവിതത്തിന്റെ അടയാളങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്രയെത്ര വെല്ലുവിളികളുണ്ടായാലും ആ ജീവിതം മുറുകെപ്പിടിക്കണം. ഭഗവാന് സൂര്യന്റെ തേരുരുളുന്നത് അതിന് ഉദാഹരണമാണ്. ആ രഥത്തിന് ഒരു ചക്രമേയുള്ളൂ. വഴി തകരാറാണെന്നല്ല, വഴിയേ ഇല്ല. കടിഞ്ഞാണില്ല. തേരാളിക്കാണെങ്കില് രണ്ട് കാലുകളുമില്ല. എന്നിട്ടും സൂര്യരഥം ഒരുവേള പോലും വിശ്രമമില്ലാതെ എല്ലാ ദിശയിലേക്കു പാഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
ശ്രീരാമക്ഷേത്രത്തിന് മുകളില്‍ പാറുന്ന പതാക പുതിയ ഭാരതത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് പരിപാടിയില്‍ സംസാരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വികസിത ഭാരതത്തിലേക്ക് വഴികാട്ടുന്ന പതാകയാണിത്. അഞ്ഞൂറ് വര്‍ഷമായി തുടരുന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.കാലം മാറി, തലമുറകള്‍ മാറി, സാമ്രാജ്യങ്ങള്‍ മാറി, എന്നാല്‍ നമ്മുടെ തീരുമാനവും വിശ്വാസവും മാറിയില്ല. അത് ഇളക്കമില്ലാതെ നിന്നു. ഒരിക്കല്‍ സംഘര്‍ഷങ്ങളുടെ ഭൂമിയായിരുന്ന അയോദ്ധ്യ ഇന്ന് ഉത്സവങ്ങളുടെ രാജനഗരിയായി മാറിയിരിക്കുന്നു. രാഷ്ട്രീയസ്വയംസേവക സംഘത്തെപ്പോലെ പവിത്രമായ ഒരു സംഘടനയുടെ പ്രഭാവത്തില്‍ എല്ലാ അധരങ്ങളും രാംലല്ല രാംലല്ല എന്ന മന്ത്രം മാത്രമുരുവിട്ടു. വികസിത ഭാരതം എന്നത് രാമരാജ്യം തന്നെയാണ്. രാമരാജ്യത്തിന്റെ വിശ്രുത പതാകയാണ് പാറുന്നത്. ഇത് ഒരു യജ്ഞത്തിന്റെ പൂര്ണാഹുതിയല്ല, മറിച്ച് ഒരു യുഗത്തിന്റെ ശുഭാരംഭമാണ്, അദ്ദേഹം പരഞ്ഞു.ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് ന്യാസ് ട്രഷറര്‍ സന്ത് ഗോവിന്ദദേവ് ഗിരി മഹാരാജ്, സംന്യാസി ശ്രേഷ്ഠര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.













Discussion about this post