ബഠിംഡ(പഞ്ചാബ്): രാജ്യത്തിന്റെ മഹത്തായ ചരിത്രങ്ങള്‍ തലമുറകള്‍ പ്രേരണയായി സ്വീകരിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. യുവാക്കള്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരാകണം. ഭാവിഭാരതത്തെ കരുപ്പിടിപ്പിക്കാനുള്ള കരുത്ത് നേടണം. അതിനുള്ള പ്രചോദനം വസ്തുതാപരമായ ചരിത്രത്തില്‍നിന്ന് നേടണം, അദ്ദേഹം പറഞ്ഞു. ബഠിംഡ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആഡിറ്റോറിയത്തില്‍ സപ്തസിന്ധുഫോറം സംഘടിപ്പിച്ച യുവസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരു തേഗ്ബഹാദൂറിന്റെ ബലിദാനത്തിന് 350 വയസാകുന്നു. രാജ്യം മറന്നുകൂടാത്ത ബലിദാനമാണത്. ധര്‍മ്മരക്ഷയ്ക്കായി സ്വയം സമര്‍പ്പിച്ച അദ്ദേഹത്തില്‍ നിന്ന് ആദര്‍ശം സ്വീകരിക്കണം. രാജ്യത്തിനുവേണ്ടി സമയം നല്കാന്‍ തയാറാകണം. അധിനിവേശ മനോഭാവത്തില്‍ നിന്ന് പൂര്‍ണമായും മോചിതരാകണം. നമ്മുടെ തനിമയില്‍ അഭിമാനം കൊള്ളണം. നമ്മുടെ കഴിവുകള്‍ നമ്മുടെ രാജ്യത്തുതന്നെ ഉപയോഗിക്കാന്‍ കഴിയണം, സര്‍കാര്യവാഹ് പറഞ്ഞു.
രാജ്യം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ യുവാക്കള്‍ അവരുടേതായ സംഭാവന നല്‍കിയാല്‍, നമ്മുടെ കണ്‍മുന്നില്‍ പരമവൈഭവ ഭാരതം സാധ്യമായിത്തരും. കുടുംബപ്രബോധനം, സാമാജിക സമരസത, പരിസ്ഥിതിസംരക്ഷണം, പൗരബോധം, സ്വദേശി എന്നീ പഞ്ചപരിവര്‍ത്തന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ചുമതലകള്‍ നിര്‍വഹിക്കാന്‍ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളായ പ്രതിഭകള്‍, സംരംഭകര്‍, ഗവേഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഹോംലാന്‍ഡ് ഗ്രൂപ്പ് സിഎംഡി ഉമാങ് ജിന്‍ഡാല്‍, എബി കോട്സ്പിന്‍ എംഡി ദീപക് ഗാര്‍ഗ്, സപ്ത സിന്ധു ഫോറം സ്ഥാപകന്‍ ഡോ. വീരേന്ദ്ര ഗാര്‍ഗ് എന്നിവര്‍ സംസാരിച്ചു.















Discussion about this post