പൂനെ: ലോക ക്ഷേമത്തിൻ്റെ ധർമ്മ പതാക ഉയർന്നതോടെ ശ്രീരാമക്ഷേത്രനിർമ്മാണം പൂർത്തിയായെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഇനി ഗംഭീരവും ശക്തവും സുന്ദരവുമായ രാഷ്ട്ര മന്ദിര നിർമാണത്തിനൊരുങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സംഘ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊഫ്റൂഡ് യശ്വന്ത്റാവു ചവാൻ തിയേറ്ററിൽ ആദിത്യ പ്രതിഷ്ഠാൻ സംഘടിപ്പിച്ച കൃതജ്ഞതാ സമാരോഹിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക് .
സമാജത്തെ സംഘടിപ്പിക്കുന്നതിനാണ് സംഘം പ്രവർത്തിക്കുന്നത്. ഈ പ്രവർത്തനത്തിൽ സംഘത്തിന് അഹങ്കാരമോ അവകാശവാദമോ ഇല്ലെന്ന് ചടങ്ങിൽ കൃതജ്ഞതാ പുരസ്കാരം സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
സമൂഹം സംഘടിതമാകുമ്പോൾ മാത്രമേ രാഷ്ട്രം സമൃദ്ധമാകൂ. രാഷ്ട്രം ശക്തമാകുമ്പോൾ ലോകത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. രാജ്യത്തിന് നന്മ ചെയ്യുന്നത് സംഘം മാത്രമല്ല, മറിച്ച്, സമൂഹമൊന്നാകെ അതിന് സജ്ജമായാൽ മാത്രമേ രാഷ്ടം മുന്നേറൂ… പ്രതിസന്ധികളുടെ കാലങ്ങളിൽ സമൂഹം സംഘത്തെ പിന്തുണച്ചു, അതുകൊണ്ടാണ് സംഘം വളർന്നത്, അദ്ദേഹം പറഞ്ഞു. സ്വയംസേവകർ പ്രാണ സമർപ്പണം ചെയ്താണ് സംഘത്തെ കെട്ടിപ്പടുത്തത്. അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളിലൂടെ സംഘമെന്ന മഹാവൃക്ഷത്തെ വളർത്താൻ ജീവിതം മുഴുവൻ അധ്വാനിച്ച് ജീവൻ ബലിയർപ്പിച്ച ഡോ. ഹെഡ്‌ഗേവാറിനും, രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച പ്രചാരകരും ഗൃഹസ്ഥരുമായ സ്വയംസേവകർക്കുള്ളതാണ് ഈ കൃതജ്ഞതാ പുരസ്കാരമെന്ന് സർസംഘചാലക് പറഞ്ഞു. കഷ്ടപ്പാടുകളെയും അവഗണനകളെയും അവർ പുഞ്ചിരിയോടെ നേരിട്ടു. വിശ്വ മംഗള ചൈതന്യകാരിണിയായ ഈ സംഘശക്തി ഒരിക്കലും സമൂഹത്തിന് ഒരു ദോഷവും വരുത്തില്ല, സർസംഘചാലക് വ്യക്തമാക്കി.
കാഞ്ചി കാമകോടി പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി സ്വാമികൾ, ആദിത്യ പ്രതിഷ്ഠാ അധ്യക്ഷൻ ശങ്കർ അഭ്യങ്കർ, അപർണ അഭ്യങ്കർ എന്നിവർ പങ്കെടുത്തു.
ആഗോള സന്ത് ഭാരതി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം, “ഭാരതീയ ഉപാസന” എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം, ജിതേന്ദ്ര അഭ്യങ്കറിന്റെ “പണ്ഡാരിഷ്” എന്ന ഓഡിയോ പുസ്തകത്തിന്റെ പ്രകാശനം എന്നിവയും ഇതോടൊപ്പം നടന്നു. തുടർന്ന് രാമായണത്തെ ആസ്പദമാക്കി “നിരന്തർ” എന്ന സംഗീത നാടകമവതരിപ്പിച്ചു.

















Discussion about this post