ന്യൂദൽഹി : ക്ഷേത്രത്തിന് സംഭാവനയായി ലഭിക്കുന്ന പണം ദേവന്റേതാണെന്ന് സുപ്രീം കോടതി . അത് ഏതെങ്കിലും സഹകരണ ബാങ്കിനെ ലാഭത്തിലാക്കാനോ , സമ്പന്നമാക്കാനോ ഉപയോഗിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. തിരുനെല്ലി ക്ഷേത്ര ദേവസ്വത്തിന്റെ നിക്ഷേപങ്ങൾ തിരികെ നൽകണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത കേരളത്തിലെ ചില സഹകരണ ബാങ്കുകളുടെ ഹർജികൾ പരിഗണിക്കുകയായിരുന്നുചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് . കേരള ഹൈക്കോടതിയുടെ ഉത്തരവിൽ എന്താണ് തെറ്റെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചു.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തൃശിലേരി ശിവക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ രണ്ട് സഹകരണ ബാങ്കുകളിൽ നടത്തിയ സ്ഥിരനിക്ഷേപം പിൻവലിച്ച് ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റാൻ കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെ മാനന്തവാടി അർബൻ കോപ്പറേറ്റീവ് സൊസൈറ്റിയും തിരുനെല്ലി സർവ്വീസ് കോപ്പറേറ്റിവ് ബാങ്കുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്റെ 1.73 കോടി സ്ഥിരനിക്ഷേപമാണ് മാനന്തവാടി അർബൻ കോപ്പറേറ്റീവ് സൊസൈറ്റിയിലുള്ളത്. തൃശിലേരി ശിവക്ഷേത്രത്തിന്റെ 15.68 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും മാനന്തവാടി അർബൻ കോപ്പറേറ്റീവ് സൊസൈറ്റിയിൽ ഉണ്ട്.
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിന്റെ 8.5 കോടി സ്ഥിരനിക്ഷേപവും തൃശിലേരി ശിവക്ഷേത്രത്തിന്റെ 1.5 കോടിയുടെ സ്ഥിരനിക്ഷേപവുമാണ് തിരുനെല്ലി സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിൽ ഉള്ളത്. കാലാവധി പൂർത്തിയാകാത്ത ഈ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചാൽ സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാകുമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥ്, അഭിഭാഷകൻ മനു കൃഷ്ണൻ എന്നിവർ വാദിച്ചു.
“പൊതുജനങ്ങളിൽ നിങ്ങളുടെ വിശ്വാസ്യത സ്ഥാപിക്കണം. നിങ്ങൾക്ക് ഉപഭോക്താക്കളെയും നിക്ഷേപങ്ങളെയും ആകർഷിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് നിങ്ങളുടെ പ്രശ്നമാണ്. സമയപരിധി കഴിഞ്ഞാലുടൻ നിക്ഷേപങ്ങൾ തിരികെ നൽകേണ്ട ഉത്തരവാദിത്തം ബാങ്കിനുണ്ടെന്നും “ ജസ്റ്റിസ് ബാഗ്ചി പ്രസ്താവിച്ചു.














Discussion about this post