രുദ്രാപൂര്‍(ഉത്തരാഖണ്ഡ്): ഹിന്ദുത്വമാണ് ദേശീയത എന്ന ഉറച്ച കാഴ്ചപ്പാടിലാണ് ആര്‍എസ്എസ് പ്രവര്‍ത്തനം ഒരു നൂറ്റാണ്ട് പിന്നിട്ടതെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഹിന്ദുത്വം എന്നത് ഭാരതത്തിന്റെ ധാര്‍മികവും ഭൂമിശാസ്ത്രപരവുമായ തനിമയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദി കാര്യക്രമങ്ങളുടെ ഭാഗമായി ജെസിഎസ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ പങ്കെടുക്കുമ്പോഴും നമ്മുടേത് പുരാതനവും സമൃദ്ധവുമായ രാഷ്ട്രമാണെന്ന് ഉറച്ചുവിശ്വസിച്ചു. എന്നിട്ടും നമ്മള്‍ ആവര്‍ത്തിച്ച് പരാജയപ്പെടുകയും സമൂഹത്തില്‍ മാനസികവും ബൗദ്ധികവുമായ അടിമത്തം വളരുകയും ചെയ്തതെന്തുകൊണ്ടെന്ന് അദ്ദേഹം ചിന്തിച്ചു. ആളുകള്‍ സമാജത്തേക്കാള്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്കിയ കാലമുണ്ടായിരുന്നു. സംഘം രൂപീകരിക്കുമ്പോള്‍ ഡോക്ടര്‍ജിയുടെ മനസില്‍ ഈ ചിന്തയുണ്ടായിരുന്നു. അദ്ദേഹം ശാഖകളിലൂടെ ഹിന്ദു സമൂഹത്തെ സംഘടിത ശക്തിയാക്കുകയും ഈ മാനസികാവസ്ഥ മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു.സംഘം വ്യക്തി നിര്‍മ്മാണമെന്ന ഈ പ്രവര്‍ത്തനം മാത്രമാണ് അക്കാലം മുതല്‍ ചെയ്തുപോരുന്നതെന്ന് ഹൊസബാളെ ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം സംഘടനകള്‍ക്കും അവര്‍ രൂപം നല്കിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് ഒരു ലക്ഷത്തിലധികം സേവന പദ്ധതികള്‍ സ്വയംസേവകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. സംഘം എന്ത് ചെയ്താലും അത് സമൂഹത്തിന്റെ സഹകരണത്തോടെയാണ് ചെയ്യുന്നത്, ദേശീയബോധമുള്ള ഏതൊരു വ്യക്തിയും സംഘത്തിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ കുടുംബങ്ങള്‍ സുരക്ഷിതവും സാമ്പത്തികമായി ശക്തവുമായിരിക്കുന്നതുകൊണ്ടാണ് ഭാരതം സമാധാനപൂര്‍വം നിലനില്‍ക്കുന്നതെന്ന് സര്‍കാര്യവാഹ് പറഞ്ഞു. കുടുംബമൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, പൗരബോധം, സ്വദേശി എന്നീ അഞ്ച് തത്വങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി സാമൂഹിക മാറ്റം സൃഷ്ടിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പ്രാന്ത സംഘചാലക് ഡോ. ബഹാദൂര്‍ സിംഗ് ബിഷ്ടും സന്നിഹിതനായിരുന്നു.















Discussion about this post