ജോധ്പൂർ : ദേശീയ ബോധമുള്ള സംഘടിത സമാജത്തിന് മാത്രമേ രാഷ്ട്രത്തെ പരമോന്നതിയിലേക്ക് നയിക്കാനാകൂ എന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സംഘ ശതാബ്ദിയുടെ ഭാഗമായി ജോധ്പൂരിൽ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിൽ സമൂഹത്തിന്റെ മനസ്സിനും ഇച്ഛാശക്തിക്കും നിർണായക സ്ഥാനമുണ്ട്. ചിരപുരാതനമായ നമ്മുടെ രാഷ്ട്രം കാലത്തിൻ്റെ വേഗത്തിന് അനുസരിച്ച് മുന്നേറുകയാണ്. തനിമയിലൂന്നി, മൂല്യങ്ങളെ സംരക്ഷിച്ചു കൊണ്ട് ആധുനിക യുഗത്തിലും ഈ രാഷ്ടം അതിൻ്റെ മഹത്വം ഉദ്ഘോഷിക്കുന്നു. സംഘടിതവും സംസ്കാരസമ്പന്നവുമായ സാമൂഹ്യ ജീവിതമാണ് അതിന് ആധാരം, സർകാര്യവാഹ് പറഞ്ഞു.
നല്ലവനായിരിക്കുക എന്നത് മാത്രമല്ല ദേശീയവും സാമൂഹികവുമായ അവബോധവും വ്യക്തിനിർമാണത്തിൻ്റെ കാതലാണ്. സ്വഭാവത്തിൽ നിന്ന് ദേശീയ സ്വഭാവത്തിലേക്ക് മാറുക എന്നതാണ് സംഘശാഖകൾ സ്വയംസേവക നിർമിതിയിലൂടെ നല്കുന്ന സന്ദേശമെന്ന് ഹൊസബാളെ പറഞ്ഞു. സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സ്വദേശി, പൗരധർമ്മം എന്നീ അഞ്ച് കാര്യങ്ങൾ ജീവിതത്തിൽ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വെല്ലുവിളികളെ നേരിടാൻ സർക്കാരി നെ ആശ്രയിക്കലല്ല സ്വയം സജ്ജമാവുകയാണ് വേണ്ടത്. അതിന് നമ്മൾ ഒന്നാണെന്ന വികാരം ഉണ്ടാകണം. ആരാധനാ രീതികളിലടക്കം വിവിധതകൾ ഉണ്ടെങ്കിലും നമ്മുടെ സാംസ്കാരിക വേരുകളും പൂർവികരും ഒന്നു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.













Discussion about this post