ജയ്പൂര്‍(രാജസ്ഥാന്‍): ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നവര്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. അവരെ നേരിടുന്നതില്‍ സൈന്യത്തിന് മാത്രമല്ല, സമൂഹത്തിനും നിര്‍ണായക പങ്കുണ്ട്. സോഷ്യല്‍ മീഡിയ വഴി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെ ജാഗ്രതയോടെ നിരീക്ഷിക്കുകയും അവരുടെ ലക്ഷ്യത്തെ മുളയിലേ നുള്ളുകയും വേണം. നമ്മുടെ രാഷ്ട്രത്തെ സംബന്ധിച്ചും ജീവിതരീതിയെക്കുറിച്ചും സമഗ്രമായ ധാരണ എല്ലാവരും ഉള്‍ക്കൊള്ളുന്നത് അതിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ഭാരത് ബോധ് എന്ന പേരില്‍ ജയ്പൂരിലെ സവായ് മാന്‍സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വം ഒരു രാഷ്ട്രീയ ആശയമല്ല, മറിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സാംസ്‌കാരികവും മാനവികവുമായ പാരമ്പര്യമാണ്. ഈ ഉറച്ച ബോധ്യം ഭിന്നതകളെ അകറ്റും. ഈ ദിശയില്‍ നേതൃത്വം നല്കാന്‍ പ്രബുദ്ധരായ പൗരസമൂഹം മുന്നോട്ടുവരണം.
ശാഖകളിലൂടെ അച്ചടക്കവും ദേശസ്‌നേഹവും സേവന മനോഭാവവുമുള്ള വ്യക്തികളെ നിര്‍മ്മിക്കുകയാണ് സംഘം കഴിഞ്ഞ നൂറ് വര്‍ഷമായി ചെയ്തുവരുന്നത്. അത്തരം വ്യക്തികള്‍ സമൂഹത്തെ സംഘടിതമാക്കി രാഷ്ട്രനിര്‍മ്മാണത്തിന് പ്രാപ്തരാക്കുമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ക്രീഡാഭാരതിയുടെ കായികതാരങ്ങള്‍ പരമ്പരാഗത കായിക ഇനമായ മല്ലകാംബ് അവതരിപ്പിച്ചു. ജ്ഞാനഗംഗ പ്രകാശന്‍ പ്രസിദ്ധീകരിച്ച ‘ഭാരതീയ പരിസ്ഥിതി ചിന്ത’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.
















Discussion about this post