ബറേലി(ഉത്തര്‍പ്രദേശ്): അനന്തവിവിധതകളുമായി സഹവര്‍ത്തിക്കാനുള്ള കഴിവ് ഹിന്ദു സംസ്കൃതിക്കും ഹിന്ദുധര്‍മ്മത്തിനും മാത്രമാണുള്ളതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ലോകമാകെ പടര്‍ന്നുപിടിച്ച അസഹിഷ്ണുതയ്ക്ക് ഏക പരിഹാരം ഈ ഹിന്ദു തത്വചിന്തയാണ്. ആത്മീയതയാണ് അതിന്റെ ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. ബറേലി ഐഎംഎ ഓഡിറ്റോറിയത്തില്‍ ആര്‍എസ്എസ് ശതാബ്ദിപ്രവര്ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുധര്‍മ്മം ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ മതത്തിന്റെയോ സമ്പ്രദായത്തിന്റെയോ പേരല്ല; മറിച്ച്, അത് നിരവധി വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. എതിര് കാഴ്ചപ്പാടുകളെപ്പോലും ഉള്‍ക്കൊള്ളാന്‍ ഹിന്ദുധര്‍മ്മം എപ്പോഴും തയാറാണ്. ചാര്‍വാകന്റെ നിരീശ്വരവാദ തത്ത്വചിന്തയും ഉള്‍പ്പെട്ടതാണ് ഷഡ്ദര്‍ശനം. സഹിഷ്ണുത, ഉദാരത, സാമഞ്ജസ്യം എന്നിവയാണ് ഹിന്ദുധര്‍മ്മത്തിന്റെ ഏറ്റവും വലിയ ശക്തികള്‍, ലോകത്തിലെ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം അവയിലാണ്. അസഹിഷ്ണുതയാണ് പല പ്രശ്നങ്ങളുടെയും മൂലകാരണം. എന്റെ വീക്ഷണം ശരിയാണെന്നും നിങ്ങളുടെ വീക്ഷണവും ശരിയാകാമെന്നും ഹിന്ദുതത്ത്വചിന്ത വിശ്വസിക്കുന്നു. നമുക്ക് എതിര് വീക്ഷണങ്ങളെച്ചൊല്ലി സംഘര്‍ഷങ്ങളില്ല. എന്നാല്‍ പാശ്ചാത്യര്‍ അവരുടെ വീക്ഷണം മാത്രമാണ് ശരിയെന്നും മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും വാദിക്കുന്നു, ഡോ. കൃഷ്ണഗോപാല്‍ ചൂണ്ടിക്കാട്ടി.
സഹസ്രാബ്ദങ്ങളുടെ അടിമത്തത്തിലൂടെ ഹിന്ദുസമൂഹം ദാരിദ്ര്യം, നിരക്ഷരത, തൊഴിലില്ലായ്മ, തൊട്ടുകൂടായ്മ തുടങ്ങി പല പല തിന്മകളില് കുടുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍, ഹിന്ദുബോധം വീണ്ടും ഉണര്‍ന്നിരിക്കുന്നു. വീണ്ടും, ഹിന്ദു സമൂഹം ലോകത്തെ നയിക്കാന്‍ തയാറെടുക്കുകയാണ്. ഇത് അറിവിന്റെയും തപസ്സിന്റെയും ധ്യാനത്തിന്റെയും സംസ്കാരമാണ്. ഇവിടെ ഒരാളുടെ പ്രശസ്തിയും മാന്യതയും നിര്‍ണയിക്കുന്നത് സമ്പത്ത് നോക്കിയല്ല, അറിവ്, തപസ്, ത്യാഗം, സമര്‍പ്പണം എന്നിവയിലൂടെയാണ്.
ഉപഭോഗ സംസ്കാരത്തിന്റെ ദോഷങ്ങള്‍ ലോകം ഇപ്പോള്‍ തിരിച്ചറിയുന്നു. പരിസ്ഥിതി അതിവേഗം വഷളാകുന്നു, കുടുംബങ്ങള്‍ തകരുന്നു, ഒറ്റപ്പെടല്‍ മൂലം ആളുകള്‍ ആത്മഹത്യ ചെയ്യുന്നു. പരിഹാരം തേടി ലോകം ഹിന്ദു സംസ്കാരത്തിലേക്ക് നോക്കുന്നു. നമ്മുടെ വിവാഹ സമ്പ്രദായം, ഭക്ഷണശീലങ്ങള്‍, ആചാരങ്ങള്‍, കുടുംബ വ്യവസ്ഥ എന്നിവയെല്ലാം അവര്‍ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം വര്‍ദ്ധിക്കുന്നു. നമ്മുടെ കുടുംബങ്ങളെ സംസ്കാരസമ്പന്നമായ ഹിന്ദു കുടുംബങ്ങളാക്കി വളര്‍ത്തണം. പരിസ്ഥിതിയോട് അടുപ്പവും ആദരവും പുലര്‍ത്തണം. കുടുംബ വ്യവസ്ഥയെ വീണ്ടും ശക്തിപ്പെടുത്തണം. ഈ രാജ്യം നമ്മുടേതാണെന്നും അതിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും തിരിച്ചറിയണം. നമ്മുടെ പുരാതന സംസകൃതിയില് ഓരോ പൗരനും അഭിമാനിക്കണം. വസുധൈവ കുടുംബകമെന്നത് പെരുമാറ്റത്തിലും പ്രതിഫലിക്കണം, സഹസര്‍കാര്യവാഹ് പറഞ്ഞു.
നിരാശയില്‍ മുങ്ങിപ്പോയ ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കാനുള്ള തന്റെ ദൃഢനിശ്ചയത്തെക്കുറിച്ച് സംഘ സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാര്‍ പറഞ്ഞപ്പോള്‍ പലരും അദ്ദേഹത്തെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തു. എന്നാല്‍ 15 വര്‍ഷത്തിനുള്ളില്‍, അവര്‍ സംഘത്തിന്റെ ശക്തി മനസ്സിലാക്കി. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് നിസ്വാര്‍ത്ഥ സേവനത്തിലൂടെ സ്വയംസേവകര്‍ സമൂഹത്തില്‍ സഹകരണത്തിന്റെ അന്തരീക്ഷം വളര്‍ത്തിയെടുത്തു. സംഘത്തിന്റെ സ്വീകാര്യത വര്‍ധിച്ചു. ഗ്രാമനഗരങ്ങളില്‍ മാത്രമല്ല, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ തുടങ്ങിയ വിദൂര ഗോത്ര പ്രദേശങ്ങളിലെല്ലാം സംഘമെത്തി. സമൂഹം ഇതിന് സാക്ഷിയാണ്. ആര്‍എസ്എസില്‍ അവരുടെ പ്രതീക്ഷ വര്‍ദ്ധിക്കുകയാണ്. ഹിന്ദു സമൂഹത്തിനുള്ളില്‍ ഒരു പുതിയ സംഘടന യായിരുന്നില്ല ഡോക്ടര്‍ജിയുടെ ലക്ഷ്യം, മറിച്ച് മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും സംഘടനയ്ക്ക് അടിത്തറ പാകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
















Discussion about this post