വിവി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് മാറ്റിയെന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം ജനങ്ങളില്‍ ആശങ്കയും തെറ്റിദ്ധാരണയും സൃഷ്ടിക്കുക എന്നതാണ്. ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തിയിരുന്ന ഈ പദ്ധതിയുടെ പേര് മാറ്റം സംബന്ധിച്ചാണ് ഇപ്പോള്‍ ഉയരുന്ന വിവാദം. 2009ല്‍ പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേര് നല്‍കിയെങ്കിലും പുതിയ ബില്ലിലെ പേരില്‍ ഗാന്ധിയില്ലെന്നാണ് ആക്ഷേപം. 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം വിഭാവനം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് നല്‍കിയിരിക്കുന്ന പുതിയ പേര് വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍-ഗ്രാമീണ്‍ (വിബി-ജി റാം ജി) എന്നാണ്. പദ്ധതിയുടെ മേന്മയേക്കാളുപരി പേരിലെ മാറ്റം വിവാദമാക്കാനാണ് രാഷ്‌ട്രീയ എതിരാളികളുടെ ശ്രമം.
നിലവില്‍ 100 തൊഴില്‍ ദിനങ്ങളാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് 125 ദിനങ്ങളാക്കി വര്‍ധിപ്പിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം. തൊഴില്‍ ദിനങ്ങള്‍ കൂടുമ്പോഴുണ്ടാകുന്ന സാമ്പത്തിക നേട്ടം ഗ്രാമീണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിലൂടെ ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഏകദേശം 25 ശതമാനം ഉയര്‍ന്ന വരുമാന സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. ഭാവിയിലേക്ക് സജ്ജമായ, സംയോജനത്തെ അടിസ്ഥാനമാക്കിയുള്ള, പൂരിതമായ ഗ്രാമവികസന ഘടനയാണ് പദ്ധതിയുടെ കാതല്‍. ഗ്രാമവികസനം ത്വരിത ഗതിയിലാക്കുന്നതിനായി വര്‍ധിച്ച തൊഴിലവസരങ്ങളിലൂടെ ഗ്രാമീണ കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനാണ് ഊന്നല്‍. ഉത്പാദനക്ഷമവും ഈടുനില്‍ക്കുന്നതുമായ ആസ്തികള്‍ സൃഷ്ടിക്കുക, ഗ്രാമീണതലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ഗ്രാമീണ മേഖലയുടെ യഥാര്‍ത്ഥ പരിവര്‍ത്തനം വിഭാവനം ചെയ്യുന്നു.
മുന്‍ഗണനകള്‍ നാല്
1 ജലസുരക്ഷയും അനുബന്ധ പ്രവര്‍ത്തികളും: ഗ്രാമീണ ഉത്പാദനക്ഷമതയുടെ, പ്രത്യേകിച്ച് കൃഷിയുടെ അടിത്തറ ജലമാണ്. അതിനാല്‍ ജലശേഖരണം, ജലസേചന ഘടനകള്‍, ഭൂഗര്‍ഭജല റീചാര്‍ജ് എന്നിവ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
2 ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍: ഗ്രാമങ്ങളെ വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ അനിവാര്യമാണ്. റോഡുകളും കണക്റ്റിവിറ്റിയും, സംഭരണ സൗകര്യങ്ങള്‍, പൊതു സംവിധാനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
3 ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍: കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക സംരംഭങ്ങള്‍ എന്നിവയിലൂടെ ദിവസ വേതനത്തിനപ്പുറം വരുമാനമുണ്ടാക്കുന്നതിന് ഊന്നല്‍ നല്‍കുക.
4 കാലാവസ്ഥ, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍: കാലാവസ്ഥാ പ്രതിരോധ ശേഷി കൈവരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന കേന്ദ്രബിന്ദു. വെള്ളപ്പൊക്ക നിയന്ത്രണം, മണ്ണ് സംരക്ഷണം, അതിതീവ്ര കാലാവസ്ഥ സൃഷ്ടിക്കുന്ന ദുരന്ത പദ്ധതികളുടെ ലഘൂകരണം എന്നതിലും ഊന്നല്‍ നല്‍കുന്നു.
ആസൂത്രണം
ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കുന്ന വികസിത ഗ്രാമപഞ്ചായത്ത് പ്ലാനുകള്‍ അനുസരിച്ചാവണം തൊഴിലുകള്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനെ പിഎം ഗതിശക്തി മാസ്റ്റര്‍ പ്ലാനുമായി സംയോജിപ്പിക്കണം.
വിഹിത കൈമാറ്റം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്ര വിഹിതം 90 ശതമാനവും സംസ്ഥാന വിഹിതം 10 ശതമാനവുമായിരുന്നു. പുതിയ പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന വിഹിത അനുപാതം 60:40 ആണ്. വടക്കുകിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍, ചില കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 90:10 എന്ന അനുപാതത്തിലായിരിക്കും കേന്ദ്ര-സംസ്ഥാന വിഹിതം. ഓരോ സാമ്പത്തിക വര്‍ഷത്തിലും സംസ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിഹിതം കേന്ദ്രം നിര്‍ണയിക്കും. അനുവദിച്ച പരിധി കവിയുന്ന ഏതൊരു ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. സമഗ്രമായ വളര്‍ച്ചയും ന്യായമായ രീതിയില്‍ സാമ്പത്തിക വിഭവങ്ങളുടെ തുല്യമായ വിതരണവും പ്രോത്സാഹിപ്പിക്കുന്നതിന്, വസ്തുനിഷ്ഠമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് പദ്ധതി വിഹിതം നല്‍കുന്നതിനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇത് സംസ്ഥാന തലത്തില്‍ സാമ്പത്തിക സുസ്ഥിരതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കും.
വിളവെടുപ്പ് സമയത്ത് ഇളവ്
കാര്‍ഷിക വിളവെടുപ്പിന്റേയോ വിതയ്‌ക്കലിന്റേയോ സമയത്ത് തൊഴിലാളികളുടെ ലഭ്യതയില്‍ കുറവുണ്ടാകുന്നു എന്ന് കര്‍ഷകര്‍ നിരന്തരം പരാതിപ്പെട്ടിരുന്നു. ഈ കാലയളവില്‍ മറ്റ് തൊഴിലുകള്‍ താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് കാര്‍ഷിക തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തണം. ഇത്തരത്തില്‍ പരമാവധി 60 ദിവസം വരെ നിര്‍ത്തിവയ്‌ക്കാം. ഇത് ഓരോ സാമ്പത്തിക വര്‍ഷവും മുന്‍കൂട്ടി വിജ്ഞാപനം ചെയ്യണം. കൃത്രിമ വേതന പണപ്പെരുപ്പം തടയുക, ഭക്ഷ്യ ഉത്പാദനച്ചെലവ് സ്ഥിരപ്പെടുത്തുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
അതേസമയം അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗമോ ക്രമക്കേടോ സംബന്ധിച്ച പരാതി ലഭിക്കുകയും പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കേന്ദ്രത്തിന് ബോധ്യപ്പെടുകയും ചെയ്താല്‍ അതില്‍ അന്വേഷണം നടത്താനും ഫണ്ട് തടഞ്ഞുവയ്‌ക്കാനും സാധിക്കും. ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് പരിഹരിക്കാന്‍ നിര്‍ദേശിക്കാനും സാധിക്കും. ഈ നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം വ്യവസ്ഥകള്‍ക്കനുസരിച്ചുള്ള പദ്ധതി സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കണം.
തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍
1. 125 ദിവസത്തെ തൊഴില്‍ ഉറപ്പ്. 2 മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന വര്‍ക്ക് ഷെഡ്യൂളുകള്‍. 3. ഡിജിറ്റല്‍ വേതന പേയ്‌മെന്റുകള്‍, 4. 15 ദിവസത്തിനകം തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ നിര്‍ബന്ധിത തൊഴിലില്ലായ്‌മ വേതനം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.
സമയബന്ധിത വേതന വിതരണം
ആഴ്ചതോറും അല്ലെങ്കില്‍ പരമാവധി 15 ദിവസത്തിനുള്ളില്‍ വേതനം വിതരണം ചെയ്യും. ഇത് തൊഴിലാളികള്‍ക്ക് വേഗത്തില്‍ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും സാമ്പത്തിക സമ്മര്‍ദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു.














Discussion about this post