സിലിഗുരി(ബംഗാള്‍): ലോകത്തിന്റെ ഭാവിയെ ദേശസ്‌നേഹികളായ ഭാരതീയ യുവാക്കള്‍ നിര്‍ണയിക്കുമെന്ന പ്രഖ്യാപനത്തോടെ ബംഗാളില്‍ മഹായുവസമ്മേളനം. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായാണ് സിലിഗുരിയില്‍ പതിനായിരങ്ങള്‍ അണിനിരന്ന യുവസമ്മേളനം നടന്നത്. ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച സമ്മേളനത്തില്‍ ദ്വിജേന്ദ്രലാല്‍ റോയി രചിച്ച വിശ്രുതമായ ദേശഭക്തിഗാനം, ‘ധനധാന്യ പുഷ്പ ഭരാ….’ പങ്കെടുത്ത മുഴുവന്‍ യുവാക്കളും ചേര്‍ന്ന് ആലപിച്ചത് വിസ്മയമായി. ആര്‍എസ്എസ് ഉത്തരബംഗാള്‍ പ്രാന്തത്തിലെ എട്ട് സംഘജില്ലകളിലും സിക്കിമിന്റെ അതിര്‍ത്തി പ്രദേശത്തുനിന്നുമുള്ള യുവാക്കളാണ് സിലിഗുരിയില്‍ ഒത്തുചേര്‍ന്നത്.ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താലും ഇല്ലെങ്കിലും, അത് ദേശഭക്തരായ ഭാരതീയ യുവാക്കളുടെ ചുമലിലായിരിക്കുമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. അവനവന്‍ മാത്രം ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സുരക്ഷ ആര് നോക്കുമെന്ന് അദ്ദേഹം ചോദിച്ചു.
ഭാരതം നേരിട്ട വെല്ലുവിളികളെയെല്ലാം ചെറുത്തതും സമൂഹത്തെ ഉണര്‍ത്തിയതും യുവാക്കളാണ്. ശകന്മാരുടെയും ഹൂണന്മാരുടെയും മുഗളരുടെയും പഠാന്‍മാരുടെയും ഒടുവില്‍ ബ്രിട്ടീഷുകാരുടെയും അധിനിവേശ ആക്രമണകാലങ്ങളില്‍ അത് ചരിത്രം കണ്ടതാണ്. നമ്മള്‍ ആരാണ്, ആരുടെ പിന്മുറക്കാരാണ് എന്ന തിരിച്ചറിയല്‍ സാമാജിക ഉണര്‍വിന് എന്നും പ്രേരണയാണ്. രാമകൃഷ്ണ, വിവേകാനന്ദന്മാരുടെ പാരമ്പര്യം നമുക്കുണ്ട്. ദയാനന്ദസരസ്വതി പകര്‍ന്ന സന്ദേശങ്ങള്‍ മുന്നിലുണ്ട്. വിവേചനങ്ങളില്ലാതെ. സ്വാര്‍ത്ഥതയില്ലാതെ ഒരുമിക്കുക എന്നതാണ് രാജ്യത്തുയര്‍ന്ന എല്ലാ സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനങ്ങളും സമൂഹത്തിന് നല്കിയ സന്ദേശം, സര്‍സംഘചാലക് പറഞ്ഞു.
നാഗ്പൂരിലെ നീല്‍സിറ്റി സ്‌കൂളില്‍ വെള്ളക്കാരെ വിറളിപിടിപ്പിച്ച് വന്ദേമാതരപ്രക്ഷോഭത്തിന് നേതൃത്വം നല്കുമ്പോള്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. വീര സവര്‍ക്കര്‍, സുഭാഷ് ചന്ദ്രബോസ്, ലോകമാന്യ തിലകന്‍ തുടങ്ങിയ മഹാന്മാര്‍ ചിന്തിച്ചത് പോലെ സമാജത്തെ സംഘടിപ്പിക്കാതെ, രാഷ്ട്രത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പാഴാണെന്ന് അദ്ദേഹം മനസിലാക്കി. ഡോക്ടറല്‍ പഠനത്തിനായി ബംഗാളിലെത്തിയ അദ്ദേഹം ഇവിടെയാണ് അനുശീലന്‍ സമിതിയുടെ ഭാഗമായതും വിപ്ലവപ്രസ്ഥാനത്തെ നയിച്ചതും. സ്വാതന്ത്ര്യസമരത്തിന്റെ കാലയളവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കപ്പെട്ടപ്പോള്‍ ഡോ. ഹെഡ്‌ഗേവാര്‍ ചോദിച്ചത്, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഭാരതത്തെ ഭരിക്കുന്നത് എന്നായിരുന്നു. രാജ്യത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്ക് വ്യക്തികളില്‍ മാറ്റമുണ്ടാകണമെന്ന് ചിന്തിച്ചാണ് ഡോക്ടര്‍ജി സംഘത്തിന് രൂപം നല്കിയത്. രാഷ്ട്രത്തിന്റെ തനിമയെ, ഹിന്ദുത്വത്തെ ഉണര്‍ത്തി, അതിന്റെ പരമവൈഭവത്തിലേക്ക് നാടിനെ നയിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്. ഇന്ന് ഹിന്ദുക്കള്‍ എന്ന് സ്വയം കരുതാന്‍ മടിക്കുന്നവരുടെയും പൂര്‍വികര്‍ ഹിന്ദുക്കളാണ്. ആരാധനാരീതിയും ഭക്ഷണശീലങ്ങളുമൊക്കെ വ്യത്യസ്തമാണെങ്കിലും നമ്മള്‍ ഒരു രാഷ്ട്രത്തിന്റെയും ഒരേ സംസ്‌കാരത്തിന്റെയും ഭാഗമാണ്. എല്ലാത്തരം വൈവിധ്യങ്ങളെയും ആദരിക്കുന്ന സവിശേഷപാരമ്പര്യമാണ് ഹിന്ദുസംസ്‌കൃതി. ഈ തിരിച്ചറിവാണ് ഒരാളെ ദേശസ്‌നേഹിയാക്കുന്നത്. ഹൃദയത്തില്‍ ദേശസ്‌നേഹം തുളുമ്പാത്ത ഒരാള്‍ക്കും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഹിന്ദുവാകാനാകില്ല, സര്‍സംഘചാലക് പറഞ്ഞു.
ഓരോ ഭാരതീയനും ഭാരതത്തെ അറിയുകയും ഭാരതത്തിനായി ജീവിക്കുകയും വേണം. ഈ രാഷ്ട്രത്തോട് എല്ലാവര്‍ക്കും ആദരവുണ്ടാകണം. എല്ലാ മഹാന്മാരും വീരാത്മാക്കളും ഇതേ ചിന്തയാണ് മുന്നോട്ടുവച്ചത്. അവരുടെ ചിന്തകളെയും വികാരങ്ങളെയും പ്രാവര്‍ത്തികമാക്കുകയാണ് സംഘപ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കള്‍ സംഘത്തിലേക്ക് കൂടുതലായി കടന്നുവരണം. സംഘത്തെ വിലയിരുത്തണം. ഉചിതമെന്ന് കണ്ടാല്‍ ആ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിത്തീരണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍, ഉത്തര ബംഗാള്‍ പ്രാന്ത സംഘചാലക് ഹൃഷികേശ് സാഹ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.


















Discussion about this post