കൊല്‍ക്കത്ത: ആര്‍എസ്എസ് പിറന്നത് രാജ്യം നേരിട്ട ദുരവസ്ഥയെക്കുറിച്ചുള്ള ഡോ. ഹെഡ്‌ഗേവാറിന്റെ ആകുലതയില്‍ നിന്നാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന് സമാനമായി മറ്റൊരു സംഘടനയില്ല. ഭഗവാന്‍ ബുദ്ധന്റെ കാലത്തിന് ശേഷം രാജ്യമാസകലം ഒരേ വികാരത്തില്‍ ഒരേ സമയം നടന്ന മറ്റൊരു പരിശ്രമമില്ല. സംഘത്തെ വസ്തുതാപരമായി മനസിലാക്കാന്‍ സംഘമല്ലാതെ മറ്റൊരു ഉറവിടമില്ല, സര്‍സംഘചാലക് പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊല്‍ക്കത്ത സയന്‍സ് സിറ്റി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍ എന്ന ഏകദിനപ്രഭാഷണപരമ്പരയുടെ ആദ്യസെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഥസഞ്ചലനം നടത്തുന്നതുകൊണ്ട് ആര്‍എസ്എസ് ഒരു അര്‍ധസൈനികപ്രസ്ഥാനമാണെന്ന് പറയുന്നവരുണ്ട്. ലോകമെമ്പാടും സ്വയംസേവകര്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതുകൊണ്ട് ഇത് ഒരു സേവന സംഘടനയാണെന്നും ചിലര്‍ കരുതുന്നു. നിരവധി സംഘ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയാണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ ഈ നിരീക്ഷണങ്ങളൊന്നും വസ്തുതകളല്ല. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടിയോ ഏതെങ്കിലും പ്രത്യേക സാഹചര്യത്തോടുള്ള പ്രതികരണമായോ സ്ഥാപിതമായതല്ല സംഘം സ്ഥാപിതമായത്. ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുന്നതിനാണ് സംഘം സ്ഥാപിതമായത്. സംഘം ആരുമായും മത്സരത്തിനില്ല. സംഘത്തെപോലെ എതിര്‍പ്പുകള്‍ നേരിട്ട മറ്റൊരു സംഘടന ലോകത്തില്ല. കൊലപാതകങ്ങളെ വരെ നേരിടേണ്ടിവന്നിട്ടും വിദ്വേഷത്തിന്റെ കണികപോലും മനസില്‍ സൂക്ഷിക്കാതെ സ്വയംസേവകര്‍ മുന്നോട്ടുപോയി. സംഘത്തിന് ശത്രുക്കളില്ല, എന്നാല്‍ സംഘത്തിന്റെ വളര്‍ച്ചയില്‍ ആശങ്കയുള്ള സ്വാര്‍ത്ഥ താല്‍പ്പര്യക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുന്നുണ്ട്, സര്‍സംഘചാലക് പറഞ്ഞു.

ആര്‍എസ്എസ് എന്തിനാണ് രൂപംകൊണ്ടതെന്നതിന് എന്നും സ്വയംസേവകര്‍ ചൊല്ലുന്ന സംഘപ്രാര്‍ത്ഥനയുടെ അവസാനത്തെ ഭാരത്മാതാ കി ജയ് എന്ന വരിയാണ് ഉത്തരം. ലോകമെമ്പാടും ഈ ജയകാരം മുഴങ്ങണം. ലോകനേതൃത്വത്തിലേക്ക് മുന്നേറുന്ന ഭാരതത്തിലെ ജനസമൂഹം ലോകത്തിന് മാതൃകയായി മാറണം. അത് ഉറപ്പാക്കുന്ന പ്രവര്‍ത്തനമാണ് സംഘത്തിന്റേത്.

സമര്‍ത്ഥരായ യോദ്ധാക്കളും ഭരണാധികാരികളും ബുദ്ധിവൈഭവവും ഉണ്ടായിട്ടും ഒരുപിടി ബ്രിട്ടീഷുകാര്‍ക്ക് നമ്മെ ഭരിക്കാനെങ്ങനെ കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ ആദ്യത്തെ അധിനിവേശക്കാരായിരുന്നില്ല. എന്തുകൊണ്ടാണ് ഈ നാട് തുടര്‍ച്ചയായി അടിമത്തത്തിലാണ്ടത്. രാഷ്ട്രസേവയല്ലാതെ ജീവിതത്തില്‍ മറ്റൊരു ലക്ഷ്യവുമില്ലാതിരുന്ന ഡോ. ഹെഡ്‌ഗേവാറിന്റെ വേദനയില്‍നിന്നാണ് ആര്‍എസ്എസ് രൂപം കൊണ്ടത്. നമ്മുടെ സംസ്‌കാരത്തില്‍ അന്തര്‍ലീനമായ ഏകതയാണ് ഈ രാഷ്ട്രത്തിന്റെ കരുത്ത് എന്ന ബോധ്യത്തില്‍ അതിന് അനുസൃതമായി അദ്ദേഹം സമാജത്തിന്റെ സംഘടനയ്ക്ക് തുടക്കമിടുകയായിരുന്നു. സ്വാര്‍ത്ഥതയും ഭേദവിചാരവുമില്ലാതെ അച്ചടക്കത്തിന്റെ ആധാരത്തില്‍ കെട്ടിപ്പടുക്കുന്ന സമാജം ഗുണസമ്പന്നമായിരിക്കുമെന്ന് അദ്ദേഹം തെളിയിച്ചു.
വ്യക്തിനിര്‍മ്മാണത്തിലൂടെ സാമൂഹിക ജീവിതത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയാണ് സംഘത്തിന്റെ പ്രവര്‍ത്തനരീതിശാസ്ത്രമെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ആരെയും എതിര്‍ക്കലല്ല, മുഴുവന്‍ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. ലോകത്തിലെ എല്ലാ വൈവിധ്യങ്ങളെയും ആദരിക്കുന്ന ജനത ഭാരതത്തിലേത് മാത്രമാണ്. ഹിന്ദു എന്നത് ഒരു ആരാധനാക്രമമോ മതമോ വിഭാഗമോ അല്ല. അത് ഈ പ്രകൃതിയുടെ പേരാണ്. നാടിന്റെ പേരാണ്. ഭാരതത്തിലെ ഏത് വ്യക്തിയും ഹിന്ദുവാണ്. അതുകൊണ്ട് ഇതൊരു ഹിന്ദു രാഷ്ട്രമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവരുടെയും ക്ഷേമത്തില്‍ വിശ്വസിക്കുന്ന സംസ്‌കൃതിയാണ് ഹിന്ദു. മതം, ഭാഷ, പ്രദേശം ഏതുമാകട്ടെ, ഈ സംസ്‌കാരത്തിലും മാതൃരാജ്യത്തിലും വിശ്വസിക്കുന്ന ഏതൊരാളും ഹിന്ദുവാണ്. നമ്മുടെ ഏകതയില്‍ നിന്ന് ഉരുത്തിരിയുന്ന മനോഹാരിതയാണ് ഇത്തരം വൈവിധ്യങ്ങളെല്ലാം.
ഇന്തോ-ഇറാനിയന്‍ പീഠഭൂമിയില്‍ താമസിക്കുന്നവര്‍ 40,000 വര്‍ഷമായി ഒരേ ഡിഎന്‍എ പങ്കിട്ടിട്ടുണ്ടെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്. ചിലര്‍ അഭിമാനത്തോടെ സ്വയം ഹിന്ദുക്കള്‍ എന്ന് പ്രഖ്യാപിക്കുന്നു. ചിലര്‍ അത് പറയേണ്ട ആവശ്യമില്ലെന്ന് പറയുന്നു, ചിലര്‍ രഹസ്യമായി അത് പറയുന്നു. ചിലര്‍ തങ്ങള്‍ ഹിന്ദുവാണെന്ന് മറന്നുപോയിരിക്കുന്നു. അത്രമാത്രം, സര്‍സംഘചാലക് പറഞ്ഞു.
സമൂഹത്തിനുള്ളില്‍ ഫലപ്രദമായ ഒരു സംഘടന സ്ഥാപിക്കുകയല്ല, സമൂഹത്തെ സംഘടിപ്പിക്കുക എന്നതാണ് സംഘം ചെയ്യുന്നത്. നല്ലതും നിസ്വാര്‍ത്ഥവുമായ ഉദ്ദേശ്യങ്ങളോടെ ചെയ്യുന്ന എല്ലാ പ്രവൃത്തികളും, അത് ആര് ചെയ്താലും സംഘം സഹകരിക്കുന്നു. നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിന് സംഘം എല്ലാവരെയും പിന്തുണയ്ക്കുന്നു, മോഹന്‍ ഭാഗവത് പറഞ്ഞു.



















Discussion about this post