ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ ബഹിരാകാശ വാണിജ്യ രംഗത്ത് പുതിയ ചരിത്രമെഴുതി ഐഎസ്ആര്‍ഒയുടെ ‘ബാഹുബലി’ റോക്കറ്റായ എല്‍വിഎം3-എം6. ഏകദേശം 15 മിനിറ്റ് നീണ്ട പറക്കലിന് ശേഷം ‘ബ്ലൂ ബേർഡ് ബ്ലോക്ക് 2’ എന്ന ബഹിരാകാശ പേടകത്തേയും വഹിച്ച് റോക്കറ്റ് 520 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് രാവിലെ 8.54 ന് കുതിച്ചുയർന്നത്. ഇതിനായുള്ള 24 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നലെ രാവിലെ 8.54 ഓടെ ആരംഭിച്ചിരുന്നു.
അമേരിക്കന്‍ കമ്പനിയായ എഎസ്ടി സ്‌പേസ് മൊബൈലിന്റെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ‘ബ്ലൂബേര്‍ഡ് ബ്ലോക്ക്2’. പ്രത്യേക ഗിയർ ആവശ്യമില്ലാതെ ബഹിരാകാശത്ത് നിന്ന് സാധാരണ സ്മാർട്ട് ഫോണുകളിലേക്ക് ബ്രോഡ്‌ബാൻഡ് നേരിട്ട് എത്തിക്കുക എന്നതാണ് ഈ ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള (എന്‍എസ്‌ഐഎല്‍) കരാറിന്റെ അടിസ്ഥാനത്തിലാണ് വിക്ഷേപണം.
എൽവിഎം3 എം6 റോക്കറ്റ് വിജയകരമായും കൃത്യമായും ‘ബ്ലൂ ബേർഡ് ബ്ലോക്ക് 2’ എന്ന ആശയവിനിമയ ഉപഗ്രഹത്തെ ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിച്ചുവെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ. വി. നാരായണൻ പറഞ്ഞു. “ഇന്ത്യൻ ലോഞ്ചർ ഉപയോഗിച്ച് ഇന്ത്യൻ മണ്ണിൽ നിന്ന് ഉയർത്തിയതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. എൽവിഎം3യുടെ മൂന്നാമത്തെ പൂർണ വാണിജ്യദൗത്യം കൂടിയാണിത്. കൂടാതെ റോക്കറ്റ് മികച്ച ട്രാക്ക് റെക്കോർഡ് പ്രകടിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഏതൊരു വിക്ഷേപണ വാഹനത്തിൻ്റേയും ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്,” നാരായണൻ പറഞ്ഞു.
6,100 കിലോഗ്രാമിലധികം ഭാരമുള്ള ബ്ലൂബേര്‍ഡ് ബ്ലോക്ക്2, എല്‍വിഎം3 റോക്കറ്റ് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കുന്ന ഏറ്റവും ഭാരമേറിയ വാണിജ്യ ഉപഗ്രഹമാണെന്ന പ്രത്യേകതയുണ്ട്. സാധാരണ മൊബൈല്‍ ഫോണുകളില്‍ അധിക ഹാര്‍ഡ്‌വെയറുകളുടെ സഹായമില്ലാതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് എഎസ്ടി സ്‌പേസ് മൊബൈല്‍ വ്യക്തമാക്കുന്നു. ബഹിരാകാശത്ത് വിന്യസിക്കുന്ന ഏറ്റവും വലിയ വാണിജ്യ വാര്‍ത്താവിനിമയ ആന്റിനകളിലൊന്നും ഇതിലുണ്ടാകും.
ചന്ദ്രയാന്‍-3, വണ്‍വെബ് ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ എല്‍വിഎം3യുടെ ആറാമത്തെ ദൗത്യമാണിത്. വിക്ഷേപണത്തിനായുള്ള ഇന്ധനം നിറയ്‌ക്കല്‍ ഉള്‍പ്പെടെയുള്ള അന്തിമഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനേക്കുറിച്ചും റോക്കറ്റിന്റെ എല്ലാ സംവിധാനങ്ങളും കാര്യക്ഷമമാണെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വിക്ഷേപണം ഐഎസ്ആര്‍ഒയുടെ വെബ്‌സൈറ്റിലൂടെ തത്സമയം വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.














Discussion about this post