ഹൈദരാബാദ്(തെലങ്കാന): ധർമ്മേ സർവം പ്രതിഷ്ഠിതം എന്ന ആപ്തവാക്യവുമായി കൻഹശാന്തിവനിൽ നടന്നുവരുന്ന വിശ്വസംഘശിബിരത്തിന്റെ പൊതുപരിപാടി നാളെ വൈകിട്ട് 4.30ന് നടക്കും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് സംസാരിക്കും. ശ്രീ ദാജി, ഭാരത് ബയോടെക് സ്ഥാപകൻ ഡോ. കൃഷ്ണ എല്ല എന്നിവർ വിശിഷ്ടാതിഥികളാകും. 79 രാജ്യങ്ങളിൽ നിന്നുള്ള 1610 സ്വയംസേവകരാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്. അയോദ്ധ്യ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് 25ന് ശിബിരം ഉദ്ഘാടനം ചെയ്തത്. ധർമ്മം ജീവിതത്തിൽ സന്തുലിതാവസ്ഥയും സ്ഥിരതയും നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഭ്യുദയ നിശ്രേയസുകൾ ഉറപ്പിച്ച് മനുഷ്യനെ സമഗ്രമായ വികാസത്തിലേക്കും ശാന്തിയിലേക്കും നയിക്കാൻ ധാർമിക ജീവിതത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഏത് രാജ്യത്താണെങ്കിലും ധർമ്മത്തിനനുസരിച്ച് ജീവിക്കാനും പ്രവർത്തിക്കാനും കഴിയണമെന്ന് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആഹ്വാനം ചെയ്തു. ഹിന്ദുജീവിതം ബലപ്രയോഗത്തിലൂടെയല്ല ലോകമാകെ പടർന്നത്. അറിവ്, തത്ത്വചിന്ത, സംസ്‌കാരം, ശാസ്ത്രം, പ്രകൃതിയുമായും സമൂഹവുമായും യോജിപ്പുള്ള സഹവർത്തിത്വം എന്നിവയിലൂടെയാണ് ലോകം ഹിന്ദുത്വത്തെ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ധർമ്മ ദർശനവും സംഘത്തിന്റെ ദൗത്യവും വേർതിരിക്കാനാവാത്തതാണ്. സമൂഹത്തോടുള്ള സേവനവും പ്രകൃതിയോടുള്ള കരുതലുമാണ് ആർഎസ്എസ് ശാഖകളുടെ പാഠം, സർകാര്യവാഹ് പറഞ്ഞു.’
ഹാർട്ട്ഫുൾനെസ് പ്രസ്ഥാനത്തിന്റെ മാർദർശി ശ്രീ ദാജി വിശിഷ്ടാതിഥിയായി. ഭാരതീയ വിദ്യാഭവൻ പ്രസിഡന്റും മുൻ തമിഴ്‌നാട് ഗവർണറുമായ ബൻവാരിലാൽ പുരോഹിത് ആണ് ശിബിരാധികാരി. ഹിന്ദു സ്വയംസേവക സംഘ് കോർഡിനേറ്റർ സൗമിത്ര ഗോഖലെ, ശിബിര കാര്യവാഹ് ഡോ. സിദ്ധേഷ് ഷെവാഡെ, ദൽഹി ശ്രീ വിശ്വ നികേതൻ ട്രസ്റ്റ് പ്രതിനിധി ശ്യാം പരാണ്‌ഡെ എന്നിവരും സംസാരിച്ചു.
ധർമ്മേ സർവം പ്രതിഷ്ഠിതം എന്ന സ്മരണിക സ്വാമി ഗോവിന്ദ് ദേവ് ഗിരി പ്രകാശനം ചെയ്തു. ഡോ. രത്തൻ ശാരദ രചിച്ച നാല് പുസ്തകങ്ങളും ശ്രീ ദാജി രചിച്ച രണ്ട് പുസ്തകങ്ങളും ദത്താത്രേയ ഹൊസബാളെ പ്രകാശനം ചെയ്തു.














Discussion about this post