ഹൈദരാബാദ്(തെലങ്കാന): അടിസ്ഥാന സൗകര്യങ്ങളല്ല, ആദര്‍ശവും സമര്‍പ്പണഭാവവുമാണ് ബിഎംഎസിനെ ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാക്കി മാറ്റിയതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഹൈദരാബാദില്‍ പുനര്‍നിര്‍മ്മിച്ച ബിഎംഎസ് തെലങ്കാന മേഖലാ ഓഫീസ് ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സാമ്പത്തിക രഥത്തിന്റെ ചക്രങ്ങള്‍ ചലിപ്പിക്കുന്ന ജനങ്ങളെയാണ് ബിഎംഎസ് പ്രതിനിധീകരിക്കുന്നത്. സംഘടന വളര്‍ച്ച നേടിയതിന് പിന്നില്‍ ഭൗതിക ആസ്തികളല്ല, ആശയത്തോടുള്ള പ്രതിബദ്ധതയാണ്. സ്വന്തമായി ഒരു ഓഫീസ് ഇല്ലാതിരുന്ന കാലത്തും ബിഎംഎസ് അതിന്റെ ഇടം ഉറപ്പിച്ചിട്ടുണ്ട്. ഓഫീസ് കെട്ടിടത്തിന് നാല് നിലകള്‍ ആകാം. എന്നാല്‍ ആദര്‍ശമന്ദിരത്തിന് പതിന്മടങ്ങ് പൊക്കമുണ്ടാകണം. വ്യക്തിഗതതാല്‍പ്പര്യങ്ങള്‍ക്ക് മുകളില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ രാഷ്ട്രത്തിനും തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കുന്നു. നിസ്വാര്‍ത്ഥതയുടെ സംസ്‌കാരമാണ് മറ്റ് തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നത്, സര്‍കാര്യവാഹ് പറഞ്ഞു.
ത്യാഗവും തപസും ബലിദാനവുമാണ് ഈ പ്രവരക്ത്തനത്തെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍. അത് വെറും മുദ്രാവാക്യമല്ല. ജീവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. എണ്ണമറ്റ പ്രവര്‍ത്തകര്‍ തൊഴിലാളികളുടെയും രാജ്യത്തിന്റെയും ലക്ഷ്യത്തിനായി ജീവിതം സമര്‍പ്പിച്ചു. ബിഎംഎസിനെ ആഗോള ശക്തിയാക്കി മാറ്റിയത് ഈ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളിക്ഷേമം, ദേശീയ താല്‍പ്പര്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഐക്യം എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ, ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു സവിശേഷ മാതൃക ബിഎംഎസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍, സംഘടനകള്‍, ഗവേഷകര്‍ എന്നിവര്‍ ബിഎംഎസിന്റെ ഘടനയെ കുറിച്ച് പഠിക്കാന്‍ താല്പര്യപ്പെടുന്നു.
പുതിയ തൊഴില്‍ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വ്യവസ്ഥാപിത പരിശീലനം നല്‍കണമെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഈ നിയമങ്ങളുടെ അറിവ് നേതാക്കളില്‍ മാത്രം ഒതുങ്ങേണ്ടതല്ല, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യ, ബിഎംഎസ് ദേശീയ സെക്രട്ടറി ബി. സുരേന്ദ്രന്‍, പ്രസിഡന്റ് ഹിരണ്മയ പാണ്ഡ്യ തുടങ്ങിയവരും സംസാരിച്ചു.


















Discussion about this post