ഭോപാല്‍: സ്ത്രീകളുടെ ശക്തി കൊണ്ടുമാത്രമാണ് ധര്‍മ്മവും സംസ്‌കാരവും സംരക്ഷിക്കപ്പെടുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലവ് ജിഹാദ് തടയാനുള്ള ശ്രമങ്ങള്‍ വീടുകളിലും കുടുംബങ്ങളിലുമാണ്. നമ്മുടെ മകള്‍ എങ്ങനെയാണ് ഒരു അപരിചിതന് ഇരയായതെന്ന് നാം ആലോചിക്കണം. പരസ്പരമുള്ള സംഭാഷണത്തിന്റെ അഭാവമാണ് ഇതിന് ഒരു പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭോപാലില്‍ നടന്ന മാതൃശക്തി സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
കുടുംബത്തിനുള്ളില്‍ ആശയവിനിമയം ഉണ്ടായാല്‍ സ്വാഭാവികമായും ധര്‍മ്മത്തിലും സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനം വളരും. പെണ്‍കുട്ടികളില്‍ ജാഗ്രതയും സ്വയംപ്രതിരോധ മൂല്യങ്ങളും വളര്‍ത്തിയെടുക്കണം. ലൗജിഹാദ് പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണം. സാമൂഹിക സംഘടനകള്‍ ഇക്കാര്യങ്ങളില്‍ ബോധവാന്മാരായിരിക്കണം. സമൂഹത്തിന്റെ കൂട്ടായ പ്രതിരോധത്തിലേ പരിഹാരം കണ്ടെത്താനാകൂ, അദ്ദേഹം പറഞ്ഞു.

സുരക്ഷയുടെ പേരില്‍ സ്ത്രീകള്‍ വീട്ടില്‍ ഒതുങ്ങി നിന്നിരുന്ന കാലം കഴിഞ്ഞു. ഇന്ന്, പുരുഷന്മാരും സ്ത്രീകളും സംയുക്തമായാണ് കുടുംബത്തെയും സമൂഹത്തെയും മുന്നോട്ടുകൊണ്ടുപോകുന്നത്. സ്ത്രീകളെ ശാക്തീകരിക്കുക, അവര്‍ക്ക് അവസരങ്ങള്‍ നല്‍കുക, അവരെ പ്രബുദ്ധരാക്കുക എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ എല്ലാ മൂല്യങ്ങളുടെയും കാതല്‍ മാതൃത്വമാണ്. ആധുനികതയുടെ മറവില്‍ അടിച്ചേല്‍പ്പിക്കുന്ന പാശ്ചാത്യവല്‍ക്കരണം ഒരു അന്ധവിശ്വാസമാണ്. കുട്ടിക്കാലം മുതല്‍ കുട്ടികള്‍ക്ക് നാം നല്‍കുന്ന മൂല്യങ്ങളെ ഗൗരവമായി പരിഗണിക്കണം. സ്ത്രീകള്‍ സ്വയം സംരക്ഷണത്തിന് പ്രാപ്തരായിരിക്കണം. അവരെ അസാധാരണരാക്കുകയും ശാക്തീകരിക്കുകയും ചെയ്തതാണ് നമ്മുടെ പാരമ്പര്യം. എല്ലാ കാലഘട്ടത്തിലും അവര്‍ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബത്തില്‍ പ്രഥമസ്ഥാനം സ്ത്രീകള്‍ക്കാണ്. കാരണം അവര്‍ വളര്‍ത്തുന്നവരും സ്രഷ്ടാക്കളുമാണ്. പരമ്പരാഗതമായി പണം സമ്പാദിക്കുന്നതും സംരക്ഷിക്കുന്നതും പുരുഷന്മാരുടെ ഉത്തരവാദിത്തമാണ്, എന്നാല്‍ കുടുംബം കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം സ്ത്രീകള്‍ എപ്പോഴും നിര്‍വഹിച്ചിട്ടുണ്ട്. ഒരു കുടുംബം സന്തുലിതമായും ചിട്ടയോടെയും നിലനിര്‍ത്തുന്നത് സ്ത്രീകളാണ്.
സ്വയംപര്യാപ്തമായ ജീവിതശൈലി മൂലം സമൂഹത്തിനും രാഷ്ട്രത്തിനും സ്വത്വബോധം പകരുന്നതില്‍ സ്ത്രീകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു വീടിന്റെ തനിമയിലെന്ന പോലെ രാജ്യത്തിന്റെ തനിമ സംരക്ഷിക്കുന്നതിലും അവര്‍ സമാനമായ പങ്ക് വഹിക്കണം.
മാനസിക സമ്മര്‍ദ്ദം, ആത്മഹത്യയും ഇല്ലാതാകണം. ഒറ്റപ്പെടല്‍ ഒഴിവാക്കേണ്ടത് എല്ലാവരുടെയും ചുമതലയാണ്. അസാധ്യമായ ലക്ഷ്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. അവരുടെകൂടി താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കുന്നതും അവര്‍ക്ക് മുന്നേറാനുള്ള അവസരം നല്‍കുന്നതും ജീവിതത്തിലെ വിജയത്തേക്കാള്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
അടിമത്തത്തിന്റെ യുഗം അവസാനിച്ചു. ഭാരതം ഇപ്പോള്‍ മാനസിക അടിമത്തത്തില്‍ നിന്ന് ഉയരുകയാണ്. ലോകം ഭാരതത്തെ പ്രതീക്ഷയോടെ നോക്കുന്നു. ആ പ്രതീക്ഷ നിറവേറ്റാന്‍ നമ്മള്‍ തയാറെടുക്കുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തോളം സ്ത്രീകളാണ്. സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും സന്നദ്ധരാകണം, സര്‍സംഘചാലക് ഓര്‍മിപ്പിച്ചു.
മധ്യഭാരത് പ്രാന്ത സംഘചാലക് അശോക് പാണ്ഡെ, ഭോപാല്‍ വിഭാഗ് സംഘചാലക് സോംകാന്ത് ഉമാല്‍ക്കര്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
















Discussion about this post