രോഹ്തക് (ഹരിയാന): ലോകത്തെ നയിക്കാന്‍ ഭാരതം ആന്തരികശക്തി ആര്‍ജിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സംഘം നൂറ് വര്‍ഷമായി സംഘം പ്രവര്‍ത്തിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. രാഷ്ട്രം ആഭ്യന്തരമായി സശക്തമാകണമെങ്കില്‍ സമൂഹത്തിലെ സത്ശക്തികള്‍ ഒത്തുചേരണം. നവോത്ഥാനനായകരുടെയും മഹത്തുക്കളെയും ജന്മവാര്‍ഷികങ്ങള്‍ ഒത്തൊരുമയോടെ ആഘോഷിക്കുന്ന സാഹചര്യം ഉണ്ടാകണം. ജാതിഭിന്നതകള്‍ ഇല്ലാതാക്കാന്‍ അതാണ് വഴി, സര്‍കാര്യവാഹ് പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഹ്തക് ശിക്ഷാ ഭാരതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സാമാജിക സദ്ഭാവനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരാതന കാലത്ത് ഭാരതം അറിയപ്പെട്ടിരുന്നത് സ്വര്‍ണ്ണപ്പക്ഷി എന്നാണ. വിദേശ ആക്രമണങ്ങളെ നിരന്തരം ചെറുത്തുനിന്നതാണ് നമ്മുടെ ചരിത്രം. എഡി. 1600ല്‍ ഇംഗ്ലണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ കാലത്ത് അന്താരാഷ്ട്ര വ്യാപാര വ്യവസ്ഥയില്‍ ഭാരതത്തിന് 23 ശതമാനം വിഹിതമുണ്ടായിരുന്നു. നമ്മുടെ സമൃദ്ധമായ ഭൂതകാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റേതൊരു രാജ്യത്തേക്കാളും നമ്മുടെ വിജ്ഞാന പാരമ്പര്യവും മികച്ചതായിരുന്നു. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായും ഭാരതത്തിനുള്ളിലെ എല്ലാ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും സ്വന്തമായും നമ്മള്‍ കണക്കാക്കി. ഒരു ഉറുമ്പില്‍ പോലും ഈശ്വരാംശം കാണുന്ന നമ്മള്‍ പക്ഷേ പില്‍ക്കാലത്ത് ജാതികളായും വിഭാഗങ്ങളായും വിഭജിക്കപ്പെട്ടു, വൈദേശിക ആക്രമണകാരികള്‍ ഇത് മുതലെടുത്തു നമ്മളെ ദീര്‍ഘകാലം അടിമകളാക്കി. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമുക്ക് ഈ അടിമത്ത മാനസികാവസ്ഥയെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാന്‍, അടിമത്തമനോഭാവം ഇല്ലാതാക്കാന്‍ സമൂഹത്തിലെ സജ്ജനശക്തികള്‍ മുന്നോട്ട് വരണം. ഏറ്റവും സമൃദ്ധമായ കാലത്തും ഭാരതം ഒരു രാജ്യത്തെയും കീഴ്‌പ്പെടുത്തിയില്ല, കൊള്ളയടിച്ചില്ല. അധിനിവേശക്കാരാകുകയോ, ഒരു രാജ്യം കൊള്ളയടിക്കുകയോ, ആരുടെയും സംസ്‌കാരം നശിപ്പിച്ചില്ല. അത് നമ്മുടെ സ്വഭാവമല്ല. ഭാരതം ലോകമാകെ ഒരു കുടുംബമെന്ന ദര്‍ശനമാണ് മുന്നോട്ടുവയ്ക്കുന്നത്. മറ്റുള്ളവരെയും ഒപ്പമുയര്‍ത്തുന്ന, ലോകത്തിന് മാനവികത പകരുന്ന സംസ്‌കാരമാണ് നമ്മുടേത്.
വ്യക്തിനിര്‍മാണം എന്ന പ്രവര്‍ത്തനം നൂറ് വര്‍ഷമായി സംഘം നടത്തുന്നു. ബാഹ്യശക്തികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയും രാജ്യത്തിനുള്ളില്‍ തുല്യത നിലനിര്‍ത്തുകയും ക്രമസമാധാനം സ്ഥാപിക്കുകയുമാണ് സര്‍ക്കാരിന്റെ ജോലി. എന്നാല്‍ യുവാക്കളെ നയിക്കുകയും അവരില്‍ സംസ്‌കാരവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുകയും തിന്മകള്‍ ഇല്ലാതാക്കുകയും നല്ല പൗരന്മാരെ വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
1946-ലെ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പൂര്‍ണമായി തകര്‍ന്നുപോയ ജപ്പാന്‍ വെറു പതിനഞ്ച് കൊല്ലം കൊണ്ട് ഉയികര്‍ത്തെണീറ്റത് ദേശസ്‌നേഹികളായ സമൂഹത്തിന്റെ നിരന്തര പ്രയത്‌നം കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്‌കാരിക അധിനിവേശനീക്കങ്ങളെ ഭാരതം ചെറുത്തത് നമ്മുടെ കുടുംബവ്യവസ്ഥയുടെ കരുത്തുകൊണ്ടാണ്. നമ്മുടെ യുവാക്കള്‍ക്ക് അപാരമായ കഴിവുകളുണ്ട്. എന്നാല്‍ ഇന്ന് അവര്‍ മയക്കുമരുന്നിന്റെ വഴിയേ നീങ്ങുന്നു. പാശ്ചാത്യ നാഗരികതയുടെ സ്വാധീനത്തില്‍ സംസ്‌കാരത്തില്‍ നിന്ന് അകലുന്നു. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ സമൂഹിക ധാര്‍മ്മിക സംഘടനകളും സജ്ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. യുവാക്കളെ മയക്കുമരുന്ന് ആസക്തിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും, സാമൂഹികവും മതപരവുമായ സംഘടനകളും സമൂഹത്തിലെ ഉദാത്ത ശക്തികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ആര്‍എസ്എസ് ഉത്തര ക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍, ക്ഷേത്ര പ്രചാരക് ജതിന്‍ കമാര്‍, കാര്യവാഹ് റോഷന്‍ ലാല്‍, പ്രാന്ത സംഘചാലക് പ്രതാപ് സിങ് എന്നിവരും പങ്കെടുത്തു.


















Discussion about this post