പെരിയ: ഭാവിഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന്റെ ചാലകശക്തിയാകാന്‍ യുവഗവേഷകരെ സന്നദ്ധരാക്കി. 32-ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് സമാപനം
കേരള കേന്ദ്ര സര്‍വകലാശാലയും സ്വദേശി ശാസ്ത്ര പ്രസ്ഥാനം-കേരളയും സംയുക്തമായി പെരിയ കാമ്പസില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സമ്മേളനം ആശയങ്ങളുടെ സമ്മേളനമായി മാറി. വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം എന്ന വിഷയത്തില്‍ വിവിധ മേഖലകളായി തിരിച്ച് നടന്ന ചര്‍ച്ചയും സംവാദവും ഭാവിയുടെ പ്രതിഫലനം കൂടിയായിരുന്നു. ആറ് വേദികളിലായി അരങ്ങേറിയ വിവിധ സെഷനുകളില്‍ മൂന്നൂറിലേറെ ശാസ്ത്രജ്ഞരും ഗവേഷകരും സംബന്ധിച്ചു. 238 പ്രബന്ധ, പോസ്റ്റര്‍ അവതരണങ്ങളും നടന്നു.
സമാപന സമ്മേളനത്തില്‍ കൊഡഗ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അശോക് എസ്. ആളുര്‍ മുഖ്യപ്രഭാഷണം നടത്തി. നിലവിലെ പഠനരീതിയില്‍ മാറ്റം വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് മുറികളിലെ പ്രഭാഷണങ്ങള്‍ക്ക് പുറമെ ഗവേഷണം, ഇന്നവേഷന്‍, ഫീല്‍ഡ് വര്‍ക്ക് എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കിയും സംരംഭകത്വ ചിന്തകള്‍ വളര്‍ത്തിയും വിദ്യാര്‍ത്ഥികളെ നയിക്കാന്‍ സര്‍വകലാശാലകള്‍ക്ക് സാധിക്കണം. സ്ഥാപനങ്ങള്‍ തമ്മിലുള്ള അക്കാദമിക് സഹകരണവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നയങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതിന് ആവശ്യമായ അന്തരീക്ഷം ഒരുക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങള്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇതില്‍ പ്രധാന പങ്കുണ്ട്. സമ്മേളനത്തിന്റെ ലക്ഷ്യം കേരള കേന്ദ്ര സര്‍വകലാശാല മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ സെഷനുകളിലെയും മികച്ച പ്രബന്ധത്തിന് യുവ ശാസ്ത്ര പുരസ്‌കാരവും മികച്ച ഓറല്‍ പ്രസന്റേഷനുകള്‍, പോസ്റ്റര്‍ പ്രസന്റേഷനുകള്‍ എന്നിവക്ക് അവാര്‍ഡുകളും വിതരണം ചെയ്തു. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിച്ചു. സ്വദേശി സയന്‍സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. കെ.ബി. ഹെബ്ബാര്‍, ഹൈദരാബാദ് സര്‍വകലാശാല മുന്‍വൈസ് ചാന്‍സലര്‍ പ്രൊഫ. പി. അപ്പാ റാവു, ധര്‍വാര്‍ഡ് ഐഐടി ഡീന്‍ പ്രൊഫ. എസ്.എം. ശിവപ്രസാദ്, കെഎല്‍ഇ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഡീന്‍ അക്കാദമിക് പ്രൊഫ. എന്‍.എച്ച്. ആയാചിത്, കേരള അക്കാദമി ഓഫ് സയന്‍സസ് പ്രസിഡന്റ് പ്രൊഫ. ജി.എം. നായര്‍, സ്വദേശി ശാസ്ത്ര പ്രസ്ഥാനം മുന്‍ അധ്യക്ഷന്‍ ഡോ. കെ. മുരളീധരന്‍, സയന്‍സ് കോണ്‍ഗ്രസ് സെക്രട്ടറി ഡോ. ജാസ്മിന്‍ എം. ഷാ എന്നിവര്‍ സംസാരിച്ചു.

















Discussion about this post