ന്യൂദൽഹി : ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ചുരുങ്ങി സാമൂഹിക മാധ്യമങ്ങൾക്ക് അടിമകളായി മാറുന്ന യുവതലമുറയെ വിപത്തിൽ നിന്ന് കരകയറ്റാൻ സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം എന്ന പദ്ധതിയുമായി എബിവിപി രംഗത്ത്. അനേക ലക്ഷം യുവാക്കൾക്ക് രാഷ്‌ട്ര പുനർനിർമാണത്തിന് വേണ്ടിയുള്ള മഹായജ്ഞത്തിൽ പങ്ക് ചേരാൻ പ്രചോദനമേകിയ വിശ്വഗുരു സ്വാമി വിവേകാനന്ദന്റെ 164 ാം ജന്മദിനവും ദേശീയ യുവജനദിനവുമായ ജനുവരി 12 ന് ഭാരതത്തിലെ എല്ലാ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നഗര യൂണിറ്റുകളിലും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സാംസ്കാരിക പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നടന്ന ദേശീയ യുവജന ദിനാഘോഷ പരിപാടിയിൽ വെച്ച് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം എന്ന ക്യാംപെയ്ന് ഉദ്ഘാടനം ചെയ്തു. സാമൂഹിക മാധ്യമങ്ങൾ അമിതമായി ഉപയോഗിച്ച് അതിൽ ആസക്തരായി മാറുന്ന യുവ തലമുറയെ വലിയ വിപത്തിൽ നിന്ന് കരകയറ്റാനും കല, കായിക, സാമൂഹിക , സാംസ്കാരിക പരിപാടികളിലും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയും ആരംഭിച്ച പദ്ധതിയാണ് ഇത്.
മൊബൈൽ സ്ക്രീനുകളിൽ ചിലവിടുന്ന സമയം ക്രമാതീതമായി കുറച്ച് സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ യുവാക്കൾ ഏർപ്പെട്ടാൽ മാത്രമേ രാഷ്‌ട്രത്തെ സശക്തമാക്കാൻ സാധിക്കുകയുള്ളൂ എന്ന് എബിവിപി ഉറച്ചു വിശ്വസിക്കുന്നു. സാങ്കേതിക വിദ്യയുടെ പ്രഭാവമുള്ള ആധുനിക യുഗത്തിലാണ് ഇന്നത്തെ യുവാക്കൾ ജീവിക്കുന്നതെങ്കിലും മൊബൈൽ ഫോണിന്റെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും അമിതമായ ഉപയോഗം അവരുടെ ആരോഗ്യത്തെയും വിലയേറിയ സമയത്തിന്റെ കരുതലോടെയുള്ള കൈകാര്യം ചെയ്യലിനെയും , സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു.
ദേവഭൂമി ഉത്തരാഖണ്ഡിൽ നടന്ന 71 ാം എബിവിപി ദേശീയ സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം. ദേശീയ യുവജന ദിനമായ തിങ്കളാഴ്ച ഹൈദരാബാദ് സർവകലാശാലയിൽ നടന്ന സെമിനാറിൽ ആണ് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി ക്യാംപയിൻ ഉദ്ഘാടനം ചെയ്തത്. എബിവിപി നേതൃത്വം നൽകുന്ന ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല യൂണിയൻ പ്രസിഡൻ്റ് ശിവ പലേപുവും മറ്റ് യൂണിയൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
പുരോഗതി ഒരിക്കലും സാങ്കേതിക വിദ്യയെ മാത്രം ആശ്രയിച്ചാകരുത് എന്നും വ്യക്തികളുടെ സർഗാത്മകമായ പ്രവർത്തനങ്ങളും മാനവിക മൂല്യങ്ങളും വൈദഗ്‌ദ്ധ്യവും സുപ്രധാനമാണ് എന്നുമുള്ള സന്ദേശം യുവാക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം എന്ന ക്യാംപെയിൻ. ഈ സുപ്രധാന ക്യാംപെയിന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ചിട്ടുള്ള സ്ക്രീൻ ടൈം ടു ഗ്രീൻ ടൈം, സ്ക്രീൻ ടൈം ടു ഫൺ ടൈം, സ്ക്രീൻ ടൈം ടു പ്ലേ ടൈം, മീൽ വിത്തൗട്ട് റീൽ എന്നീ നാല് കർമ പരിപാടികളും യുവാക്കൾക്ക് ആരോഗ്യകരവും സമൂഹവുമായി ഏറെ ബന്ധപ്പെട്ടിട്ടുള്ളതുമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ പ്രേരണയാകും. ശരാശരി എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ സമയം യുവാക്കൾ ഡിജിറ്റൽ ഉപകരണങ്ങളിൽ ചെലവഴിക്കുന്നു എന്നാണ് നിലവിലെ കണക്ക്. ഇത് അവരുടെ ബുദ്ധി വികാസത്തെയും സാമൂഹിക ജീവിതത്തെയും പ്രതികൂലമായാണ് ബാധിക്കുന്നത്.
കൂടാതെ ഒരു വലിയ ശതമാനം യുവാക്കളും വിഷാദരോഗത്തിലേക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ തെന്നി വീഴുകയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമുള്ള എബിവിപി യൂണിറ്റുകളുടെ നേതൃത്വത്തിൽ സാമൂഹിക മാധ്യമങ്ങളിലും, ഡിജിറ്റൽ ഉപകരണങ്ങളിലും യുവാക്കൾ ചെലവിടുന്ന സമയം കുറയ്‌ക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന സെമിനാറിൽ പ്രസംഗിക്കവേ, എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി, രാജ്യത്തെ പൗരന്മാർക്ക് ദേശീയ യുവജന ദിന ആശംസകൾ നേർന്നു. വിവരസാങ്കേതിക വിപ്ലവത്തിന്റെ കാലഘട്ടമായ ഇന്ന് യുവാക്കളാണ് ഡിജിറ്റൽ ഉപകരണങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ എന്നും ശരാശരി എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ സമയം ഡിജിറ്റൽ സ്ക്രീനിൽ യുവാക്കൾ ചെലവിടുന്നു എന്നുമുള്ള കണക്കുകൾ ഗുരുതരവും ആശങ്കാജനകവുമാണ് എന്നും സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം ക്യാംപയിൻ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
ഇത് അവരുടെ ശാരീരിക ഊർജ്ജത്തെ പരിമിതപ്പെടുത്തുക മാത്രമല്ല, സമൂഹത്തിൽ നിന്നും പ്രകൃതിയിൽ നിന്നും അവരെ അകറ്റുകയും ചെയ്യുന്നു. തൽഫലമായി, യുവാക്കൾ വിവിധ ശാരീരികവും മാനസികവുമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. എബിവിപിയുടെ ‘സ്‌ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം’ ക്യാംപെയിൻ കേവലം ഒരു കാര്യ പരിപാടിയായി കാണരുത് എന്നും മറിച്ച് സാംസ്കാരികവും ആരോഗ്യപരവുമായ അവബോധത്തിന് ബഹുജന പങ്കാളിത്തത്തോടെ നടത്തേണ്ട മഹായജ്ഞമാണ് എന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ വെർച്വൽ ലോകത്ത് നിന്ന് പുറത്തുകടന്ന് വിദ്യാർത്ഥികൾ കളിസ്ഥലങ്ങളുടെ പച്ചപ്പും കായിക മത്സരത്തിൽ പങ്കെടുക്കുന്ന അവസരത്തിൽ ലഭിക്കുന്ന ആവേശവും ,സ്ഥിരോത്സാഹവും സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ പ്രാപ്തമാകുന്ന സംതൃപ്തിയും അനുഭവിക്കുമ്പോൾ മാത്രമേ അവരുടെ യഥാർത്ഥ ബൗദ്ധികവും മാനസികവും സാമൂഹികവുമായ വികാസം സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളുടെ സമഗ്ര വികാസത്തിന് സാങ്കേതിക വിദ്യ ഒരിക്കലും തടസമായി മാറാതെയിരിക്കാൻ രാജ്യത്തുടനീളം
വിവിധ പരിപാടികൾ സംഘടിപ്പിച്ച് ചുരുങ്ങിയത് അരമണിക്കൂർ സമയം എങ്കിലും ഡിജിറ്റൽ സ്ക്രീനിൽ നിന്ന് അവരെ മാറ്റി നിർത്തി സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്താൻ എബിവിപി ശ്രമിക്കും എന്ന് അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ 164-ാം ജന്മവാർഷികത്തിൽ ഈ രാജ്യവ്യാപക ക്യാംപയിൻ ആരംഭിക്കുകയാണ് എന്നും ഇത് ഇന്ത്യയിലെ യുവാക്കളെ അവരുടെ യഥാർത്ഥ വേരുകളായ പ്രകൃതി, സമൂഹം എന്നിവയുമായി വീണ്ടും ബന്ധിപ്പിക്കുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

















Discussion about this post