ന്യൂദല്‍ഹി: ഭാരതം വൈവിധ്യത്തെ ജനാധിപത്യത്തിന്റെ ശക്തിയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം സ്വതന്ത്രമായപ്പോള്‍ ഇത്രയും വൈവിധ്യത്തില്‍ ജനാധിപത്യത്തിന് നിലനില്‍ക്കാന്‍ കഴിയുമോ എന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഭാരതം വൈവിധ്യത്തെ ജനാധിപത്യത്തിന്റെ ശക്തിയാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ സ്പീക്കര്‍മാരുടെയും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും 28-ാമത് സമ്മേളനം സംവിധാന്‍ സദനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഭാരതത്തില്‍ ജനാധിപത്യം വിജയം കൈവരിക്കുന്നു. കാരണം ജനാധിപത്യ മനോഭാവം നമ്മുടെ രക്തത്തിലും മനസിലും സംസ്‌കാരത്തിലുമുണ്ട്. ഈ മനോഭാവം സമീപകാലത്ത് 25 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സഹായിച്ചു. ഭാരതത്തില്‍ സ്ത്രീകള്‍ ജനാധിപത്യത്തില്‍ പങ്കാളികളാകുക മാത്രമല്ല, വഴികാട്ടുകയും ചെയ്യുന്നു. രാഷ്‌ട്രപതി ഒരു വനിതയാണ്.
ദല്‍ഹിയിലെ മുഖ്യമന്ത്രിയും വനിതയാണ്. ഗ്രാമപ്രദേശങ്ങളുള്‍പ്പെടെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ഏകദേശം ഒന്നര ദശലക്ഷം വനിതാ ജനപ്രതിനിധികളുണ്ട്. ഇത് ആഗോളതലത്തില്‍ സമാനതകളില്ലാത്തതാണ്, പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ പ്രസിഡന്റ് തുലിയ ആക്സണ്‍, കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ പ്രസിഡന്റ് ക്രിസ്റ്റഫര്‍ കലില എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഫലപ്രദമായ വികേന്ദ്രീകരണം എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം. ഭാരതത്തില്‍ നാലാം തവണയാണ് സമ്മേളനം നടക്കുന്നത്.














Discussion about this post