ന്യൂദല്‍ഹി: സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സത്യത്തെയും ചരിത്രത്തെയും വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് അജ്ഞത മൂലമല്ല, മറിച്ച് ഒരു അജണ്ടയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന വിശ്വപുസ്തകമേളയില്‍ മന്ത്രവിപ്ലവ് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.

തെറ്റായ ആഖ്യാനങ്ങളിലൂടെ സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള നീക്കം ചെറുക്കണം. നമ്മുടെ മനസിന്റെയും ബുദ്ധിയുടെയും നിയന്ത്രണം മറ്റുള്ളവര്‍ കൈയിലെടുക്കുന്നത് ഹിപ്‌നോട്ടിസത്തിന്റെ ഫലമാണുണ്ടാക്കുക. ഹിപ്‌നോട്ടിസം ബുദ്ധിയെ മറയ്ക്കും. ബുദ്ധിനാശം സമ്പൂര്‍ണനാശത്തിലേക്ക് നയിക്കും. നമ്മുടേതായ വിചാരപ്രവാഹം വിജ്ഞാനലോകത്ത് വ്യാപിക്കുകയല്ലാതെ അതിന് പരിഹാരമില്ല. ഭാരതീയ വിജ്ഞാന പാരമ്പര്യത്തെ അധികരിച്ച് ഇനിയും ധാരാളം ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

സ്വതന്ത്രഭാരതം ഏറ്റെടുക്കേണ്ട മൂന്ന് ദൗത്യങ്ങളുണ്ടെന്ന് മഹര്‍ഷി അരവിന്ദന്‍ പറഞ്ഞിട്ടുണ്ട്. ഒന്നാമതായി ചിതറിക്കിടക്കുന്ന പുരാതന വിജ്ഞാന പാരമ്പര്യങ്ങള്‍ സമാഹരിക്കണം. രണ്ടാമതായി, അവയെ ഇന്നത്തെ കാലത്തിന് അനുസരിച്ച് മനുഷ്യരാശിക്ക് ഉപയോഗപ്രദമാക്കണം. മൂന്നാമതായി, പുതിയ വിജ്ഞാനമേഖലകള്‍ സൃഷ്ടിക്കണം.
ഭാരതത്തിന്റെ പാരമ്പര്യം വിജ്ഞാനത്തിന്റേതാണ്. അതാണ് നമ്മുടെ നാടിനെ യശസ്സിലേക്കും സമൃദ്ധിയിലേക്കും നയിച്ചത്. ഇക്കാര്യത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ വ്യക്തതയുള്ളവരായിരുന്നു. അറിവ് ഒരു വ്യക്തിയെ ശരിയായ ദിശയിലേക്ക് നയിക്കും. എന്നാല്‍ അറിവിനൊപ്പം ഭക്തിയും സമര്‍പ്പണഭാവവുമുണ്ടാകണം. ഭക്തിയല്ലാത്ത അറിവ് അഹങ്കാരത്തിലേക്ക് നയിക്കും, സര്‍കാര്യവാഹ് പറഞ്ഞു.

രാജ്യത്തെ ഒരു വിഭാഗം ബുദ്ധിജീവികള്‍ ട്രിപ്പിള്‍ എമ്മിന് (മെക്കാളെ, മുഗളര്‍, മാര്‍ക്‌സ്) അടിമകളാണെന്ന് പരിപാടിയില്‍ സംസാരിച്ച സുധാന്‍ഷു ത്രിവേദി എംപി പറഞ്ഞു. സമൂഹം രണ്ട് തരത്തിലുള്ള വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. ഒന്ന് ദൃശ്യവും മറ്റൊന്ന് അണുബാധ പോലെ അദൃശ്യവുമാണ്. മന്ത്രവിപ്ലവം ഈ അദൃശ്യ വെല്ലുവിളികളെ എടുത്തുകാണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു തുള്ളി വിഷമോ വിഷമുനയുള്ള അസ്ത്രമോ ഒരു വ്യക്തിയെ ഇല്ലാതാക്കും. എന്നാല്‍ ദുഷിപ്പിക്കുന്ന ചിന്തകള്‍ സമൂഹത്തെത്തന്നെ നശിപ്പിക്കുമെന്ന് മഹാഭാരതത്തില്‍ മഹാത്മാ വിദുരര്‍ പറയുന്നുണ്ട്. രാജാവിനും ജനങ്ങള്‍ക്കും ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാകുമ്പോഴാണ് ഇത്തരം ഊഹാപോഹവിപ്ലവങ്ങള്‍ ഉണ്ടാകുന്നത്. അതില്‍ രാജാവ് മാത്രമല്ല, ജനവും രാഷ്ട്രവും നശിക്കും. മന്ത്രവിപ്ലവം സൃഷ്ടിക്കുന്ന ഈ അപകടത്തിന് പരിഹാരം നിര്‍ദേശിക്കുകയാണ് ഗ്രന്ഥകാരനായ തരുണ്‍ വിജയ് ചെയ്യുന്നതെന്ന് സുധാന്‍ഷു ത്രിവേദി പറഞ്ഞു.
തരുണ്‍ വിജയ്, പ്രഭാത് പ്രകാശന്‍ ചെയര്‍മാന്‍ പ്രഭാത് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.















Discussion about this post