ന്യൂദല്‍ഹി: ഭാരതത്തിന്റെ ഭരണഘടനയും ദേശീയചിഹ്നങ്ങളും പവിത്രമായ സംസ്‌കൃതിയും ആദരവോടെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കേണ്ട ദിവസമാണ് റിപ്പബ്ലിക് ദിനമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മഹത്വമേറിയ ഈ രാഷ്ട്രത്തില്‍ ഭാരതീയരെന്ന അഭിമാനത്തോടെ ജീവിക്കാനാകുന്നതിലും വലിയ സന്തോഷമില്ലെന്ന് ഝണ്‌ഡേവാലയില്‍ ആര്‍എസ്എസ് കാര്യാലയമായ കേശവകുഞ്ജില്‍ ദേശീയ പതാക ഉയര്‍ത്തി അദ്ദേഹം പറഞ്ഞു.
പുരാതന കാലം മുതല്‍ ഭാരതത്തില്‍ ഗണതന്ത്രം നിലനില്‍ക്കുന്നു. മഹത്തായ ജനാധിപത്യത്തിന്റെ ഉദാത്ത മാതൃക നമ്മള്‍ ലോകത്തിന് കാട്ടിക്കൊടുത്തു. ഭരണഘടന, അഖണ്ഡത, അതിര്‍ത്തികള്‍ എന്നിവ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ദേശീയ കര്‍ത്തവ്യമാണ്.
ഭീഷ്മ അഷ്ടമിയുടെ ശുഭവേളയിലാണ് ഇക്കുറി റിപ്പബ്ലിക് ദിനമെന്നത് സവിശേഷതയാണ്. രാജധര്‍മ്മം, പ്രജാധര്‍മ്മം, രാഷ്ട്രത്തോടുള്ള കടമ എന്നിവയില്‍ ഭീഷ്മ പിതാമഹന്‍ കാണിച്ച പാത ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വഭാവം, അച്ചടക്കം, കടമയോടുള്ള സമര്‍പ്പണം എന്നിവയില്‍ അധിഷ്ഠിതമായ ജീവിതമാണ് യഥാര്‍ത്ഥ പ്രജാധര്‍മ്മം. അതേസമയം സദ്ഗുണമുള്ളവരെ സംരക്ഷിക്കുകയും ദുഷ്ടശക്തികളെ അടിച്ചമര്‍ത്തുന്നതുമായ ശക്തികളാണ് രാജധര്‍മ്മത്തിന്റെ കാതലായ ഘടകം.ഭാരതത്തിന്റെ ആത്മാവ് സത്യത്തിലും നീതിയിലും അധിഷ്ഠിതമാണ്. സത്യമേവ ജയതേ, യതോ ധര്‍മ്മസ്തതോ ജയഃ എന്നിവ ഭാരതീയ ഭരണഘടനയുടെയും നീതിയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന ചൈതന്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലും ജീവിതം വികസിപ്പിക്കാന്‍ നാം ഓരോ നിമിഷവും പരിശ്രമിക്കണം. കഴിഞ്ഞ നൂറു വര്‍ഷമായി സംഘപ്രവര്‍ത്തകര്‍ ഇതാണ് ചെയ്യുന്നതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
















Discussion about this post