ലഖ്നൗ(യുപി): സാമാജിക സമരസതയ്ക്കായുള്ള പരിശ്രമങ്ങള്‍ വ്യക്തിതലത്തിലും കുടുംബതലത്തിലും അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിവേചനങ്ങളില്ലാത്ത സമൂഹം സൃഷ്ടിക്കണം. അതിനായി വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും ഇടപഴകലുകള്‍ വര്‍ധിക്കണം, അദ്ദേഹം പറഞ്ഞു. നിരാല നഗറിലെ സരസ്വതി വിദ്യാ മന്ദിര്‍ മാധവ് ഓഡിറ്റോറിയത്തില്‍ നടന്ന കാര്യകര്‍ത്താ കുടുംബ മിലന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയറു നിറയ്ക്കാനും കൂടുതല്‍ സമ്പാദിക്കാനുമല്ല തൊഴിലെന്ന് തലമുറകളെ പഠിപ്പിക്കണം. സമ്പാദിക്കുന്നതിനേക്കാള്‍ പങ്കുവയ്ക്കലിലാണ് നമ്മള്‍ ഊന്നേണ്ടത്. മറ്റുള്ളവര്‍ക്കുവേണ്ടി നല്‍കാനും ജീവിക്കാനും പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കണം. രാജ്യത്തോടൊപ്പമാണെന്ന് ബോധ്യപ്പെടുത്താന്‍ സഹായകമായ മൂല്യങ്ങള്‍ നമ്മുടെ വീടുകളില്‍ വളര്‍ത്തിയെടുക്കണം. അറിവും സമ്പത്തും രാജ്യത്തിന് വേണ്ടിയാണെന്ന, ആദ്യം രാജ്യമെന്ന ഉത്തരവാദിത്ത ബോധം എല്ലാവരിലുമുണരണം. കുട്ടികള്‍ക്ക് മാതൃഭാഷ നന്നായി അറിയാമെന്ന് ഉറപ്പാക്കണം. ദേശസ്നേഹം, അച്ചടക്കം, കുടുംബാഭിമാനം എന്നിവ വളര്‍ത്തിയെടുക്കണം.

പ്രസംഗങ്ങളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ് സാമാജിക സമരസത യാഥാര്‍ത്ഥ്യമാകുന്നത്. സംഘത്തില്‍ ജാതിവ്യവസ്ഥയില്ല. സമൂഹത്തിലും ഇത് നടപ്പാകണം. പുസ്തകങ്ങള്‍ വായിക്കുകയല്ല, സ്വയംസേവകരെ നിരീക്ഷിക്കുകയാണ് സംഘത്തെ മനസിലാക്കാനുള്ള നല്ല വഴിയെന്ന് സര്‍സംഘചാലക് പറഞ്ഞു.

















Discussion about this post