കാണ്‍പൂര്‍: ഭാരതത്തെ ഭാരതമാക്കി നിലനിര്‍ത്തുകയാണ് ഇന്നത്തെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. സ്വതന്ത്ര ഭാരതത്തില്‍ പിറക്കാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യവാന്മാരാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യം എളുപ്പത്തില്‍ നേടിയ ഒന്നാണെന്ന ധാരണ ശരിയല്ല, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിഎന്‍എസ്ഡി ശിക്ഷ നികേതനില്‍ യുവസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. വൈദ്യ.ആയിരക്കണക്കിനാളുകളുടെ ത്യാഗത്തിന്റെയും ബലിദാനത്തിന്റെയും ഫലമാണ് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം. ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, സര്‍ദാര്‍ പട്ടേല്‍, ഡോ. ഭീംറാവു അംബേദ്കര്‍, റാണി ലക്ഷ്മിഭായി, റാണി ദുര്‍ഗ്ഗാവതി തുടങ്ങിയ എണ്ണമറ്റ വിപ്ലവകാരികളുടെയും മഹത്തുക്കളുടെയും തലമുറകള്‍ ഈ സ്വതന്ത്ര രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജീവന്‍ സമര്‍പ്പിച്ചു. അങ്ങനെ കൈവന്ന രാഷ്ട്രത്തെ അതിന്റെ തനിമയിലും മഹിമയിലും നിലനിര്‍ത്തേണ്ട ചുമതല നമ്മുടേതാണ്, അദ്ദേഹം പറഞ്ഞു.
പണം സമ്പാദിക്കുന്നതിന് മാത്രമുള്ളതല്ല വിദ്യാഭ്യാസം, ജീവിതത്തിന് ശരിയായ ദിശാബോധം നല്‍കുന്നതിന് വേണ്ടിക്കൂടിയുള്ളതാണ്. സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും നേതൃത്വത്തിനും വലിയ പങ്കുണ്ട്. സമയം എല്ലാവര്‍ക്കും ഒരുപോലെയാണ്. അതുകൊണ്ട് ടൈം മാനേജ്മെന്റല്ല, ടാസ്‌ക് മാനേജ്മെന്റാണ് പഠിക്കേണ്ടത്. സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് യോഗയും പ്രാണായാമവും ജീവിതത്തിന്റെ ഭാഗമാക്കി ശരീരത്തെയും മനസിനെയും ഏത് ടാസ്‌കും പൂര്‍ത്തീകരിക്കാന്‍ സജ്ജമാക്കണം, മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
ഭാരതത്തെ അറിയുകയും ഭാരതത്തില്‍ വിശ്വസിക്കുകയും വേണം. വായനയിലൂടെയും കാഴ്ചയിലൂടെയും പരിചയസമ്പന്നരുടെ അനുഭവങ്ങളിലൂടെയും നമുക്ക് നമ്മുടെ നാടിനെ അറിയാനാകും. സിന്ധു നദി മുതല്‍ സമുദ്രം വരെയുള്ള മുഴുവന്‍ സമൂഹവും സാംസ്‌കാരികമായി ഹിന്ദുവാണ്, ആത്മീയത നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് ലഭിച്ച അമൂല്യമായ സമ്മാനമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.














Discussion about this post