ചെന്നൈ: ആര്എസ്എസ് പഥസഞ്ചലനങ്ങള്ക്ക് അനുമതി നിഷേധിക്കുന്ന തമിഴ് നാട് സര്ക്കാര് നീക്കങ്ങളെ രൂക്ഷമായി വിമര്ശിച്ച് മദ്രാസ് ഹൈക്കോടതി. ഒക്ടോബര് 25, നവംബര് ഒന്ന് തീയതികളില് സംസ്ഥാനത്തെ വിവിധകേന്ദ്രങ്ങളില് പഥസഞ്ചലനം നടത്താന് കോടതി അനുമതി നല്കി. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിരവധി ഉത്തരവുകള് ഉണ്ടായിരുന്നിട്ടും പഥസഞ്ചലനങ്ങള്ക്ക് അനുമതി നിഷേധിക്കാന് തമിഴ്നാട് പോലീസ് തുടര്ച്ചയായി ഒരേ കാരണങ്ങള് തന്നെ ഉന്നയിക്കുകയാണെന്ന് ജസ്റ്റിസ് വി. ലക്ഷ്മിനാരായണന് നിരീക്ഷിച്ചു.
അനുമതി നിഷേധിക്കാന് പുതിയ കാരണങ്ങളൊന്നും അവര് കണ്ടെത്തിയിട്ടില്ല. അര്ത്ഥശൂന്യമെന്ന് ഈ കോടതിതന്നെ കണ്ടെത്തിയ അതേ കാരണങ്ങളാണ് അവര് വീണ്ടും വീണ്ടും ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം നീട്ടിക്കൊണ്ടുപോകാതെ, 19നകം ആര്എസ്എസ് ഭാരവാഹികളുമായി ചര്ച്ച ചെയ്ത് പഥസഞ്ചലനങ്ങളുടെയും തര്ര്ന്നുള്ള പൊതുപരിപാടികളുടെയും സമയവും സ്ഥലവും തീരുമാനിക്കണമെന്ന് കോടതി പോലീസിന് നിര്ദ്ദേശം നല്കി.
വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താന് അനുമതി തേടിക്കൊണ്ട് ആര്എസ്എസ് പ്രാന്തകാര്യവാഹ് ഒക്ടോബര് 3നാണ് അപേക്ഷ സമര്പ്പിച്ചത്. ഒക്ടോബര് 18, 25, നവംബര് ഒന്ന് എന്നീ തീയതികളാണ് സംഘം നിര്ദ്ദേശിച്ചിരുന്നത്. എന്നാല്, നിര്ദ്ദിഷ്ട റൂട്ടുകളില് ചില മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും യുക്തിവാദി നേതാക്കളുടെ പ്രതിമകളും ഉണ്ടെന്നും ഗതാഗത തടസവും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകുമെന്നൊക്കെ പറഞ്ഞ് പോലീസ് അധികൃതര് അപേക്ഷകള് നിരസിക്കുകയായിരുന്നു. എന്നാല് ഈ കാരണങ്ങള് എല്ലാവര്ഷവും നിരത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോടതി അവ തള്ളുകയായിരുന്നു.
നിയമപരമായ നിയന്ത്രണങ്ങള്ക്ക് വിധേയമായി പഥസഞ്ചലനം നടത്താന് സംഘടനയ്ക്ക് അവകാശമുണ്ടെന്ന് മുന്പും കോടതി വിധികള് ഉണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് വി. ലക്ഷ്മിനാരായണന് പറഞ്ഞു. മതം, ജാതി, വിശ്വാസം എന്നീ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഉപയോഗിക്കാവുന്ന ഇടങ്ങളാണ് പൊതുനിരത്തുകള് എന്ന് 2023ല് പുറപ്പെടുവിച്ച വിധിയും കോടതി പരാമര്ശിച്ചു. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണം രോഗിയെ കൊല്ലാന് വേണ്ടി ഉപയോഗിക്കുന്നതിന് തുല്യമാണ് നടത്തുന്നതിന് പകരം, ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന രോഗിയെ കൊല്ലാന് പോലീസ് നടപടി എന്ന് കോടതി നിരീക്ഷിച്ചു. അപേക്ഷകള് നിരസിക്കുന്നതിനുള്ള വഴികള് തേടുകയല്ല, അത് പരിഗണിക്കാനാണ് പോലീസ് അധികൃതര് ശ്രമിക്കേണ്ടത്. അപേക്ഷകള് മുന്കൂട്ടി സമര്പ്പിക്കണമെന്ന് ആര്എസ്എസിനോട് നിര്ദ്ദേശിച്ച കോടതി, ഇത്തരം തര്ക്കങ്ങള്ക്കായി ഇനിയും സമയം ചെലവഴിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
തുടര്ന്ന് ഒക്ടോബര് 25, നവംബര് ഒന്ന് തീയതികളില് സഞ്ചലനങ്ങള് നടത്തുന്നതിന് അനുമതി നല്കാന് സര്ക്കാര് തയ്യാറാണെന്ന് അഡ്വക്കേറ്റ് ജനറല് വിജയ് നാരായണ് കോടതിയെ അറിയിച്ചു. എന്നാല്, നിലവിലുള്ള സാഹചര്യങ്ങള് കണക്കിലെടുത്ത് പോലീസ് അധികൃതര് നിര്ദ്ദേശിക്കുന്ന മാറ്റങ്ങള് ഇതില് ഉള്പ്പെടുത്തേണ്ടതുണ്ട്. സഞ്ചലനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള് ആര്എസ്എസ് കോടതിയില് സമര്പ്പിച്ചു. ഭാവിയില് തര്ക്കങ്ങള് ഉണ്ടാകാതിരിക്കാന്, ഈ വിശദാംശങ്ങള് ഉത്തരവിനൊപ്പം ചേര്ക്കണമെന്ന് കോടതി നിര്ദ്ദേശിച്ചു.
















