നാഗ്പൂർ: ആറു നൂറ്റാണ്ടുകളോളം നീണ്ട വിദേശ ഭരണത്തിന് ശേഷവും ഭാരതീയതയും സനാതന സംസ്കാരവും ആഗോളതലത്തിൽ ഉന്നതിയിൽ നിൽക്കുന്നതിന് പ്രധാന കാരണം രാഷ്ട്രീയ സ്വയംസേവക സംഘമാണെന്ന് ദൈനിക് ജാഗരൺ മുഖ്യ പത്രാധിപർ ശ്രീ സഞ്ജയ് ഗുപ്ത. നാഗ്പൂരിലെ വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പ് രാജ്യത്തെ അടിമത്ത മനോഭാവത്തിൽ നിന്ന് മോചിപ്പിക്കാനും ജനങ്ങളിൽ സ്വത്വബോധം വളർത്താനുമാണ് സംഘം രൂപീകരിച്ചത്. എന്നാൽ സ്വാതന്ത്ര്യാനന്തരം അധികാരത്തിലിരുന്ന ചില വിഭാഗങ്ങൾ പ്രീണന രാഷ്ട്രീയം കാരണം സംഘത്തിന്റെ ആശയങ്ങളെ അംഗീകരിക്കാൻ തയ്യാറായില്ല. എന്നിരുന്നാലും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് വ്യക്തിനിർമ്മാണത്തിലൂടെയും രാഷ്ട്രനിഷ്ഠയിലൂടെയും സംഘം മുന്നോട്ട് പോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അടുത്ത നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ സമൂഹത്തിൽ സാംസ്കാരിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനൊപ്പം പൗരന്മാരിൽ മികച്ച സ്വഭാവരൂപീകരണം നടത്തുക എന്ന വലിയ ദൗത്യമാണ് സംഘം ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തോട് കടമയും കൂറുമുള്ള പൗരന്മാരെ വാർത്തെടുക്കാതെ ഭാരതത്തിന് അതിന്റെ സുവർണ്ണകാലഘട്ടം തിരികെ പിടിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രഭാഷണം നടത്തി. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, മുംബൈയിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് രേവാച്ച്, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ തുടങ്ങിയ നിരവധി പ്രമുഖര്‍ പരിപാടിയിൽ പങ്കെടുത്തു.















