ഇന്‍ഡോര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് ബൈഠക്കിന് നവംബര്‍ 02 ഇന്‍ഡോറിലെ ഡാലി കോളജ് കാമ്പസില്‍ തുടക്കമാകും. മൂന്ന് ദിവസത്തെ യോഗത്തില്‍ 2025 വിജയദശമി മുതല്‍ 2026 വിജയദശമി വരെ രാജ്യമെമ്പാടും സംഘശതാബ്ദിയുമായി ബന്ധപ്പെട്ടുണ്ടായ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഭാവിപരിപാടികളുടെ ആസൂത്രണവും നടക്കും. 408 പ്രതിനിധികളാണ് ബൈഠക്കില്‍ പങ്കെടുക്കേണ്ടതെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍, കാര്യവിഭാഗുകളുടെ പ്രമുഖുമാര്‍, കാര്യകാരിഅംഗങ്ങള്, 11 ക്ഷേത്രങ്ങളില്‍നിന്നും 46 പ്രാന്തങ്ങളില്‍ നിന്നുമുള്ള സംഘചാലകര്‍, സഹ സംഘചാലകര്‍, കാര്യവാഹ്, സഹ കാര്യവാഹ്, പ്രചാരക്, സഹ പ്രചാരക് ചുമതലയുള്ളവരും ബൈഠക്കില്‍ പങ്കെടുക്കും.
സംഘത്തിന്റെ സംഘടനാ ഘടനയില്‍ നിശ്ചയിച്ചിട്ടുള്ള മാറ്റങ്ങള്‍ കാര്യകാരിമണ്ഡല്‍ പരിഗണിക്കും. 2027 മാര്‍ച്ചില്‍ നാഗ്പൂരില്‍ ചേരുന്ന അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് മുമ്പ് ജില്ലാ, വിഭാഗ്, സംസ്ഥാന, ക്ഷേത്രീയ തലങ്ങളില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവും. സംഘടനാ വിഷയങ്ങള്‍ക്ക് പുറമേ, സാമൂഹിക അവബോധത്തെ സംബന്ധിച്ച വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. മയക്കുമരുന്ന് ഉപയോഗത്തിന്റെ വ്യാപനം തടയാനുള്ള പദ്ധതികള്‍ ആലോചിക്കും. സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, യുവാക്കളെ മയക്കുമരുന്നില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് സമഗ്രമായ ഒരു പൊതു ബോധവത്കരണ കാമ്പയിന് ആസൂത്രണം ചെയ്യും.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ അമേരിക്ക, കാനഡ, ഇംഗ്ലണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ആഗോള സംവാദം യോഗം അവലോകനം ചെയ്യും. പഞ്ചപരിവര്‍ത്തന പരിശ്രമങ്ങള്‍ വിവിധ സാമൂഹിക സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് വ്യാപകമാക്കാനായി പുതിയ പരിപാടികളും കാമ്പെയ്നുകളും ആസൂത്രണം ചെയ്യുമെന്ന് സുനില്‍ ആംബേക്കര്‍ അറിയിച്ചു.
മാള്‍വ പ്രാന്ത സംഘചാലക് ഡോ. പ്രകാശ് ശാസ്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

















