ന്യൂദല്‍ഹി: നിയമനിര്‍മ്മാണ പ്രക്രിയയില്‍ പാര്‍ലമെന്റിനും കേന്ദ്രസര്‍ക്കാരിനുമുള്ള അധികാരത്തിന്മേല്‍ കൈകടത്താതെയുള്ള ചരിത്ര വിധിയാണ് സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ചത്. നിയമനിര്‍മ്മാണം കേന്ദ്ര ചുമതലയാണെന്ന് വ്യക്തമാക്കിയ കോടതി പാര്‍ലമെന്റിലൂടെ ഐപിസി 124 എയിലെ കാലഹരണപ്പെട്ട വ്യവസ്ഥകള്‍ ഇല്ലാതെയാവുമെന്ന പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. കോടതി 124എ റദ്ദാക്കിയില്ല, മരവിപ്പിച്ചുമില്ല.
രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന 162 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ് പുനഃപരിശോധിക്കുമെന്ന് കേന്ദ്രമാണ് സുപ്രീംകോടതിയെ അറിയിച്ചത്. വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും വൈവിധ്യങ്ങള്‍ നിറഞ്ഞ ചിന്തകളാണ് ഭാരതത്തിന്‍റെ സൗന്ദര്യമെന്ന അദ്ദേഹത്തിന്‍റെ വാക്കുകളും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊളോണിയല്‍ കാല നിയമങ്ങള്‍ ഇല്ലാതാവണം എന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. 2014-15 കാലം മുതല്‍ 1,500ലധികം കാലഹരണപ്പെട്ട നിയമങ്ങളാണ് കേന്ദ്രം ഇല്ലാതാക്കിയത്. വിവിധ കുറ്റങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കി. ഇതൊരു തുടര്‍ പ്രക്രിയയാണ്. കൊളോണിയല്‍ മാനസികാവസ്ഥയ്ക്ക് ഇന്നത്തെ ഇന്ത്യയില്‍ സ്ഥാനമില്ല എന്നും പ്രധാനമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അതേപടി സുപ്രീംകോടതി ഉത്തരവിലും പരാമര്‍ശിച്ചിട്ടുണ്ട്.
Discussion about this post