ന്യൂദല്‍ഹി: അഗ്നിപഥ് വിഷയത്തില്‍ എല്ലാ പൗരന്മാരും സര്‍ക്കാരിനൊപ്പം നീങ്ങുകയാണ് വേണ്ടതെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ഇന്ദ്രേഷ്‌കുമാര്‍. പൗരന്മാരുടെ തൊഴില്‍ സുരക്ഷയ്‌ക്കൊപ്പം രാഷ്ട്രസുരക്ഷയും രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ചുമതലയാണ്. ജനാധിപത്യവിരുദ്ധമായ സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രതിപക്ഷപാര്‍ട്ടികള്‍ അവരുടെ ഉത്തരവാദിത്തം മറക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ്‌കുമാര്‍.
പടി പടിയായി മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം പ്രതിപക്ഷം ചേരുന്നത് ദൗര്‍ഭാഗ്യകരമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭാരതം എല്ലാ മേഖലയിലും വലിയ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. കൊവിഡ് കാലത്ത് മാനവജാതിയുടെയാകെ സുഖവും ആരോഗ്യവും പരിഗണിച്ചാണ് ഇപ്പോഴത്തെ ഭാരതസര്‍ക്കാര്‍ നയവും നിലപാടും സ്വീകരിച്ചത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പ് നല്കുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. അതിനോടൊപ്പം തന്നെയാണ് സൈന്യത്തെ ശാക്തീകരിക്കുന്ന, രാജ്യത്തെ യുവതയ്ക്ക് സൈനിക പരിശീലനം നല്കുന്ന അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനവും ഉണ്ടായത്. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടത്തിന്റെ ചുമതലയാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നത്.എന്നാല്‍ എന്തിനെയും വോട്ടിന്റെ മാത്രം കണ്ണിലൂടെ കാണുന്നവര്‍ക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല. മാധ്യമങ്ങളും പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
‘ഏക് ഹിന്ദ്, അഖണ്ഡ് ഹിന്ദ്, ജയ് ഹിന്ദ്’ എന്നത് സര്‍ക്കാരിന്റെ മാത്രമല്ല, ഏതൊരു പൗരന്റെയും പ്രസ്ഥാനത്തിന്റെയും ദൗത്യമാണ്. അതുവഴി രാജ്യത്തിന്റെ സുന്ദരഭാവിക്കായാണ് എല്ലാവരും കൈകോര്‍ക്കേണ്ടത്. പൗരന്മാരുടെ സുരക്ഷിതവും ഭദ്രവുമായ ജീവിതത്തിനുള്ള വഴി തുറക്കുകയാണ് അഗ്നിപഥ് അടക്കമുള്ള പദ്ധതികളുടെ ഉന്നം. ആ വഴി അടയ്ക്കുവാനുള്ള ശ്രമമാണ് അക്രമത്തിലൂടെ നടക്കുന്നതെന്ന് എല്ലാവരും തിരിച്ചറിയണമെന്നും ഇന്ദേഷ്‌കുമാര്‍ പറഞ്ഞു.
Discussion about this post