തിരുവനന്തപുരം: സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന “യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ- 2022′ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അവതരിപ്പിച്ചു.
യുജിസി നിയമങ്ങൾക്കു വിരുദ്ധമാണ് ബില്ലെന്നും ചാന്സലറുടെ അധികാരം പരിമിതപ്പെടുമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തു. ചർച്ചയ്ക്ക് ശേഷം ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഗവർണർ പതിവാക്കിയതോടെയാണു നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്.
വിസിമാരെ നിയമിക്കുന്നതിൽ ചാൻസലറായ ഗവർണർക്കുണ്ടായിരുന്ന നിർണായക റോൾ പരിമിതപ്പെടുത്താൻ സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി. ഇതനുസരിച്ച് ചാൻസലർ നാമനിർദേശം ചെയ്ത ആളും യുജിസി ചെയർമാൻ നാമനിർദേശം ചെയ്ത ആളും കൂടാതെ, സർവകലാശാലാ സിൻഡിക്കേറ്റ്, സംസ്ഥാന സർക്കാർ എന്നിവർ നിർദേശിക്കുന്നവരും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തി.
ഭൂരിപക്ഷ അംഗങ്ങൾ ശുപാർശ ചെയ്യുന്ന മൂന്നു പേരുകൾ അടങ്ങിയ പാനലിൽ നിന്ന് ഒരാളെ ഗവർണർക്ക് വിസി ആയി നിയമിക്കാം. അംഗങ്ങളിൽ മൂന്നു പേർ സംസ്ഥാന സർക്കാരിന് വ്യക്തമായ സ്വാധീനമുള്ളവരായതിനാൽ ഫലത്തിൽ, സർക്കാരിന് താത്പര്യമുള്ളവർ മാത്രമേ വിസി സ്ഥാനത്തേക്ക് എത്തൂ. കമ്മിറ്റി മൂന്നു മാസത്തിനുള്ളിൽ പാനൽ തയാറാക്കണമെന്നും ലിസ്റ്റ് ലഭിച്ച് 30 ദിവസത്തിനകം ഗവർണർ വിസിയെ നിയമിക്കണമെന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. വിസി നിയമന പ്രായപരിധി 60ൽ നിന്ന് 65 ആക്കി ഉയർത്തുകയും ചെയ്തു.
കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥ്, മുസ്ലിം ലീഗ് അംഗം ടി.വി. ഇബ്രാഹിം, മന്ത്രി പി. രാജീവ്, ഇടതു സ്വതന്ത്ര അംഗം കെ.ടി. ജലീൽ എന്നിവർ സംസാരിച്ചു. കാര്യമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കാതെയാണ് ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന സർവകലാശാലാ നിയമ ഭേദഗതി ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടത്.
Discussion about this post