തൃശൂര്‍: ഇസ്ലാമിക സിലബസില്‍ സംസ്‌കൃതവും ഭഗവത് ഗീതയും പാഠ്യവിഷയമാക്കി തൃശൂരിലെ അക്കാദമി ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (എഎസ്എഎസ്). ഉപനിഷത്തുകളും അദൈ്വത ശാസ്ത്രവും സിലബസിലുണ്ട്. അക്കാദമിയിലെ ഇസ്ലാമിക് ശരീഅ കോഴ്‌സിലാണ് ഹൈന്ദവ ഗ്രന്ഥങ്ങള്‍ കൂടി സിലബസ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കാലടി ശ്രീ ശങ്കര കോളേജില്‍ നിന്ന് അദൈ്വതത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ മുഹമ്മദ് ഫൈസിയാണ് വിദ്യാര്‍ത്ഥികളെ ഭഗവദ് ഗീത പഠിപ്പിക്കുന്നത്.
സമസ്ത കേരള ജമാ ഇയ്യത്തുള്‍ ഉലമ എന്ന സുന്നി സംഘടനയ്ക്ക് കീഴിലാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ‘ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നമായ വൈവിധ്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അസുഖകരമായ വാര്‍ത്തകള്‍ നിറയുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ ‘പോസിറ്റീവ് വൈബ്’ സൃഷ്ടിക്കാനും കൂടി വേണ്ടിയാണിതെന്ന് സമസ്ത എറണാകുളം ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി ഓണമ്പിള്ളി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
സംസ്‌കൃത പണ്ഡിതനായിരുന്ന കെ പി നാരായണ പിഷാരടിയുടെ ശിഷ്യനായ യതീന്ദ്രന്‍ ഫാക്കല്‍റ്റി അംഗങ്ങളിലൊരാളാണ്. സിറിയന്‍ ഭാഷ പഠിക്കണമെന്നാണ് പ്രവാചകനായ മുഹമ്മദ് നബി യുവാക്കളോട് പറഞ്ഞത്. മറ്റ് വിഭാഗങ്ങളെക്കുറിച്ചുള്ള പഠനം അറിവിന്റെ പുതിയ തലങ്ങളാണ് തുറന്നിടുന്നത്. ഇസ്ലാമിക പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളിലെ ന്യൂനത അവര്‍ക്ക് പ്രതിനിധീകരിക്കുന്ന മതത്തില്‍ മാത്രമേ അറിവുള്ളൂ എന്നതാണ്. മറ്റ് വിഭാഗങ്ങളുമായി സംവദിക്കുന്നതിന് അതൊരു തടസ്സമാണെന്നും അതു മാറ്റുകയാണ് പുതിയ സിലബസിലൂടെ ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് ഫൈസി പറഞ്ഞു.
Discussion about this post