പാലക്കാട്: ഗണേശോത്സവം ഉദ്ഘാടനം ചെയ്ത് നടൻ അജു വർഗീസ്. ചെത്തല്ലൂരിലെ ഗണേശോത്സവത്തിന്‍റെ സംസ്കാരിക സമ്മേളനത്തിന്‍റെ ഉദ്ഘാടനമാണ് അജു വർഗീസ് നിർവ്വഹിച്ചത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരായിരുന്നു പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചത്. തനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അജു വർഗീസ് പറഞ്ഞു. സന്ദീപ് വാര്യരുമായുള്ള സൗഹൃദത്തെപ്പറ്റിയും വേദിയിൽ നടൻ തുറന്നു പറഞ്ഞു.
സന്ദീപ് ചേട്ടൻ തന്‍റെ ഏറ്റവും നല്ല സുഹൃത്താണ്. അദ്ദേഹം പരിപാടിയുടെ തീയതി മുൻകൂട്ടി ഒരുമാസം മുമ്പേ തന്നെ പറഞ്ഞിരുന്നു. അന്ന് താൻ മധുരയിലായിരുന്നു. എന്നാൽ ഉറപ്പായും താൻ എത്തുമെന്ന് അദ്ദേഹത്തിന് വാക്കു നൽകിയെന്നും അജു വർഗീസ് പറഞ്ഞു. ഒരു ചെറിയ ഉടക്കിലൂടെയാണ് സന്ദീപ് വാര്യരുമായി തനിക്ക് സൗഹൃദം ആരംഭിച്ചത്. അത് നല്ലതാണ്, ഉടക്കിലൂടെ തുടങ്ങുന്ന സൗഹൃദം വളരെ ആഴമുള്ളതാണ്.
രാഷ്‌ട്രീയമായി പലർക്കും പല അഭിപ്രായമുണ്ട്, അത് വ്യക്തിപരമായി തീരരുത്. സന്ദീപ് ചേട്ടന്‍റെ സൗഹൃദം അങ്ങനെയാണ്. അദ്ദേഹത്തിന്‍റെ നാട്ടിൽ വെച്ച് തന്നെ സന്ദീപ് ചേട്ടനോട് ക്ഷമ ചോദിക്കുന്നുവെന്നും അജു വർഗീസ് പറഞ്ഞു. ഞെരളത്ത് ഹരിഗോവിന്ദനാണ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയത്. നാടിന്‍റെ യശസ്സ് വിവിധ മേഖലകളിൽ ഉയർത്തിയ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെയാണ് ഗണേശോത്സവം നടക്കുന്നത്.
Discussion about this post