കൊച്ചി: മയക്കുമരുന്ന് ഹബ്ബായി കൊച്ചി മാറുന്നുവെന്ന് അടിവരയിടുകയാണ് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. രാജ്യത്ത് മയക്കുമരുന്ന് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത നഗരങ്ങളിൽ നാലാം സ്ഥാനത്താണ് കൊച്ചി. 2021ലെ റിപ്പോർട്ടിലാണ് ലഹരി മാഫിയയുടെ പിടിയിലമരുന്ന കൊച്ചിയുടെ നേർചിത്രമുള്ളത്. 910 കേസുകളാണ് ആകെ. ഇതിലധികവും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടതാണ്.
ലഹരിക്കടത്തും വില്പനയുമായി 40 കേസുകളുണ്ട്. ഒറ്റയടിക്ക് വർദ്ധിച്ചത് 10.3 ശതമാനം. 2020ൽ അഞ്ചാമതായിരുന്നു കൊച്ചി. 7089 കേസുകളുള്ള മുംബായാണ് പട്ടികയിൽ മുന്നിൽ. തൊട്ടു പിന്നിൽ ബംഗളൂരു. കേസുകൾ 4555. കൊച്ചിക്ക് മുന്നിൽ ഇൻഡോറാണ്. 1414 കേസുകളാണ് ഇവിടെ. 19 നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോട് ഒമ്പതാം സ്ഥാനത്തുണ്ട്. 460 കേസുകൾ. 2020ൽ 441 കേസുകൾ. 2.1 ശതമാനത്തിന്റെ വർദ്ധനവ്.
- അഹമ്മദാബാദ്
ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലാണ് ലഹരിക്കേസുകൾ കുറവ്. 2021ൽ 15 കേസുകളേ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഇതെല്ലാം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടവയാണ്. സൂറത്താണ് മുന്നിൽ. 21 കേസുകൾ. നാഗ്പൂർ 70, കൊൽക്കത്ത 72, പാട്‌ന 93, തെലങ്കാന 96 എന്നിങ്ങനെയാണ് പട്ടികയിൽ പിന്നിലുള്ള നഗരങ്ങൾ.
- കേരളം
എൻ.ഡി.പി.എസ് കേസുകളുടെ എണ്ണത്തിൽ ആറാം സ്ഥാനത്താണ് കേരളം. 5615 എണ്ണം. ഇതിൽ അധികവും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടവയാണ്. മയക്കുമരുന്ന് വില്പന കേസുകൾ 1199 എണ്ണം. 2020ൽ 4968 കേസുകളാണ് ആകെയുണ്ടായിരുന്നത്. പഞ്ചാബിനെ കടത്തിവെട്ടി മയക്കുരമുന്ന് ഉപയോഗം കൂടിയ സംസ്ഥാനമെന്ന ഖ്യാതി മഹാരാഷ്ട്ര സ്വന്തമാക്കി. സിക്കിമാണ് ഏറ്രവും പിന്നിൽ. 52 കേസുകൾ.
- സംസ്ഥാനം , കേസുകൾ
- മഹാരാഷ്ട്ര – 10087
- യു.പി – 10432
- പഞ്ചാബ് – 9972
- തമിഴ്നാട് – 6852
- നാടൻ മയക്കുമരുന്ന്
രാജ്യത്ത് വിവിധ ഇടങ്ങളിൽ നിർമ്മിക്കുന്ന മയക്കുമരുന്നുകൾ യഥേഷ്ടം കൊച്ചിയിൽ ലഭിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. മുംബായ്, ബംഗളൂരു എന്നിവിടങ്ങളിലെ ലാബുകളിൽ നിർമ്മിക്കുന്ന എം.ഡി.എം.എയുൾപ്പെയാണ് കൂടുതലായി കടത്തുന്നത്. നേരത്തെ വിദേശത്ത് നിന്നായിരുന്നു വീര്യം കൂടിയ മയക്കുമരുന്നുകളുടെ വരവ്. ഒരുപരിധിവരെ ഇത്തരം ലഹരിക്കടത്ത് തടയാൻ സാധിച്ചിരുന്നു. പ്രാദേശിക മയക്കുമരുന്ന് നിർമ്മാണം വ്യാപകമായാതോടെ ലഹരിക്കടത്ത് തടയുക ശ്രമകരമായി.
Discussion about this post