തിരുവനന്തപുരം: സ്പീക്കർ എംബി രാജേഷ് മന്ത്രിയാകും. എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നതോടെ വരുന്ന ഒഴിവിലേക്കാണ് എംബി രാജേഷ് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. തൃത്താലയിൽ നിന്നുള്ള എംഎൽഎയാണ് എംബി രാജേഷ്. ഇതോടെ തലശേരി എംഎൽഎയായ എഎൻ ഷംസീർ നിയമസഭാ സ്പീക്കറാകും.
ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിർണായക തീരുമാനം. അതേസമയം രാജി വെച്ച സജി ചെറിയാന്‍റെ ഒഴിവിലേക്ക് മന്ത്രിയുണ്ടാവില്ല. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പുകളാണ് എം വി ഗോവിന്ദൻ കൈകാര്യം ചെയ്തത്. ഇതേ വകുപ്പിലാണോ എം ബി രാജേഷിനെ ചുമതലപ്പെടുത്തുകയെന്നതിൽ വ്യക്തത വന്നിട്ടില്ല.
മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിൽ മാറ്റം വരുമെന്നാണ് സൂചന. ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിയായ വി ശിവൻകുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിയേക്കും. പകരം എം ബി രാജേഷിനെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല ഏൽപ്പിക്കുകയെന്നാണ് സൂചന.
അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയതോടെയാണ് എം വി ഗോവിന്ദൻ ചുമതലയേറ്റത്
Discussion about this post