ഒറ്റപ്പാലം: സ്വർണത്തിനും സദ്യക്കും ആർഭാടത്തിനും പണം ചെലവഴിക്കാതെ വ്യത്യസ്‌തമായ വിവാഹം. വിവാഹദിനത്തിൽ തന്റേതുൾപ്പെടെ എട്ടുപേരുടെയും ശരീരം മരണാനന്തരം ദാനം ചെയ്യുമെന്ന തീരുമാനവുമായി നവവധുവും അച്ഛനമ്മമാരും ഒപ്പം സഹോദരിയും.
മയിലുംപുറം വലിയ വീട്ടിൽ കുളങ്ങര ദേവദാസ്–വസന്തകുമാരി ദമ്പതികളുടെ മകൾ ശ്രീദേവി, തൃശൂർ കൊടകര വെമ്മനാട്ട് വീട്ടിൽ പി മോഹൻ–ബിന്ദു ദമ്പതികളുടെ മകൻ ദീപക് മോഹൻ എന്നിവരുടെ വിവാഹവേദിയിലാണ് മരണശേഷം ശരീരം ദാനംചെയ്യാൻ തയ്യാറാണെന്ന് എട്ടുപേർ സമ്മതപത്രം നൽകിയത്.
വധുവിന്‍റെ അച്ഛനും അമ്മയും സഹോദരിയും സുഹൃത്തുക്കളും ഇതിലുൾപ്പെടും. വധു സി കെ ശ്രീദേവി(26), അച്ഛൻ സി കെ ദേവദാസ്(63), അമ്മ കെ വസന്തകുമാരി(59), സഹോദരി സി കെ വിദ്യ(32), ഡിവൈഎഫ്ഐ ചുനങ്ങാട് മേഖല(രണ്ട്) പ്രസിഡന്റ് ചുനങ്ങാട് കരുവാതുരുത്തി വീട്ടിൽ ശ്യാംജിത് ആർ കിരൺ(26), മയിലുംപുറം കളകാട്ടിൽ കെ മാധവിക്കുട്ടി(55), അനങ്ങനടി നെല്ലിൻക്കുന്നത്ത് വീട്ടിൽ തനൂജ(41), ചുനങ്ങാട് ചെറിയംപുറം വീട്ടിൽ സി ഷാജിത(33)എന്നിവരാണ് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മരണാനന്തരം ശരീരം വിട്ടു നൽകാൻ തയ്യാറായത്.
വരോട് എംഐഎം ഹാളിൽ നടന്ന വിവാഹചടങ്ങിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം പ്രൊഫസർ ഡോ. വി കെ സതീദേവിക്ക് കെ പ്രേംകുമാർ എംഎൽഎ യുടെ സാന്നിധ്യത്തിൽ സമ്മതപത്രം കൈമാറി. അവയവദാനവും നടത്തും. ദേശാഭിമാനി ചുനങ്ങാട് മുട്ടിപ്പാലം എജന്റാണ് സി കെ ദേവദാസ്.
Discussion about this post