കോഴിക്കോട്: തപസ്യ കലാ-സാഹിത്യ വേദി സംസ്ഥാന പഠനശിബിരം 24, 25 തീയതികളില്‍ കോട്ടയം തിരുനക്കര സ്വാമിയാര്‍ മഠം ഹാളില്‍ നടക്കും. 24ന് രാവിലെ 10ന് സംസ്‌കാര്‍ ഭാരതി അഖിലേന്ത്യാ സെക്രട്ടറി രവീന്ദ്ര ബേട്ക്കര്‍ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാകും.
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നേടിയ അനഘ. ജെ കോലത്ത്, നോണ്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് ജേതാവ് നിഖില്‍. എസ് പ്രവീണ്‍ എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മുരളി പാറപ്പുറം മുഖ്യപ്രഭാഷണം നടത്തും. ശിബിരത്തിലെ ‘അന്യോന്യം’ പരിപാടിയില്‍ എഴുത്തുകാരനും കവിയും അവതാരകനുമായ ബീയാര്‍ പ്രസാദ് മുഖ്യാതിഥിയാകും. ഭാരതീയ കലാദര്‍ശനവും തപസ്യയും എന്ന വിഷയത്തില്‍ ചലച്ചിത്ര നിരൂപകനും സംവിധായകനുമായ പി.വി. ജയകൃഷ്ണന്‍, അരവിന്ദ ദര്‍ശനം തത്വവും പ്രയോഗവും എന്ന വിഷയത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, കലാ സാഹിത്യ രംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ ഡോ. പി. ശിവപ്രസാദ്, കല്ലറ അജയന്‍, തപസ്യ ദൗത്യവും നിര്‍വഹണവും എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ എം. ശ്രീഹര്‍ഷനും പ്രഭാഷണം നടത്തും. ഡോ. അനില്‍ വൈദ്യമംഗലം, ഐ.എസ്. കുണ്ടൂര്‍ എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ അധ്യക്ഷനാകും.
പൊതിയില്‍ നാരായണ ചാക്യാരും സംഘവും ചേര്‍ന്ന് കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത് എന്നിവയുടെ പ്രദര്‍ശനവും കാളിദാസകളരി സംഘം അവതരിപ്പിക്കുന്ന ആയോധന വാദ്യ- കലാസമന്വയവും ഉണ്ടാകും. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ ശിബിരത്തില്‍ പങ്കെടുക്കുമെന്ന് തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് അറിയിച്ചു.
Discussion about this post