തിരുവനന്തപുരം: കേരളത്തിലെ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് 25 കൊല്ലം മുമ്പ് പോലീസ് നല്‍കിയ റിപ്പോര്‍ട്ട് അട്ടിമറിച്ചത് ഇടത് സര്‍ക്കാര്‍. അന്ന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡിഐജി ആയിരുന്ന ടി.പി. സെന്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ പൂഴ്ത്തിവച്ചു. റിപ്പോര്‍ട്ടിലുണ്ടായിരുന്നത് ‘അല്‍-ഉമ്മ’ എന്ന ഭീകരസംഘടനയെപ്പറ്റിയുള്ള വിവരങ്ങള്‍.
1997 ജൂലൈ 3 ന് ആണ് ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് മലബാര്‍ മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. 1995-96 സമയത്ത് മലബാര്‍ മേഖലയില്‍ അഞ്ച് ഹിന്ദുനേതാക്കള്‍ തുടര്‍ച്ചയായി കൊല്ലപ്പെട്ടു. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് തീവ്രവാദ ഗ്രൂപ്പുകളിലേക്ക് എത്തിയത്. 1996ല്‍ കൊല്ലങ്കോട് മണിയുടെ കൊലപാതകക്കേസില്‍ പി.എ. മുഹമ്മദ് ഷരീഫ് എന്ന ആള്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് തീവ്രവാദ സംഘടനയായ ‘അല്‍-ഉമ്മ’യുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് മറ്റ് കൊലപാതകങ്ങളിലും ഇസ്ലാമിക തീവ്രവാദികളുടെ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നത്. അതോടെ അന്വേഷണം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറി. ആ അന്വേഷണത്തിലാണ് അല്‍-ഉമ്മ യുടെയും അബ്ദുള്‍ നാസര്‍ മദനിയുടെ ഐഎസ്എസിന്റെയും പവര്‍ത്തനങ്ങളെ കുറിച്ച് തെളിവു ലഭിക്കുന്നത്.
ജം ഇയ്യത്തുള്‍ ഇഹ്സാനിയയിലും അതുവഴി അല്‍-ഉമ്മയിലുമാണ് അന്വേഷണം എത്തിനിന്നത്. തുടര്‍ന്നാണ് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
അല്‍-ഉമ്മയ്ക്ക് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് കോയമ്പത്തൂര്‍ സ്വദേശി ബാഷയാണെന്നും പള്ളികള്‍ പിടിച്ചെടുക്കുന്നതിന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ രൂപം കൊടുത്ത സുന്നി ടൈഗര്‍ഫോഴ്സില്‍ നിന്നാണ് ജം ഇയ്യത്തുള്‍ ഇഹ്സാനിയ രൂപപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കാന്തപുരവുമായി തെറ്റിപ്പിരിഞ്ഞ സുന്നി ടൈഗര്‍ഫോഴ്സിന്‍റെ വോളണ്ടിയര്‍ ക്യാപ്റ്റനായിരുന്ന ഉസ്മാന്‍ മുസലിയാരാണ് കോഴിക്കോട് മുജാഹിദ്ദീന്‍ സെന്റര്‍ സ്ഫോടനത്തിനും ചേകന്നൂര്‍ മൗലവിയുടെ തട്ടിക്കൊണ്ടുപോകലിനും പിന്നില്‍. ഉസ്മാന്‍ മുസലിയാരുടെ നേതൃത്വത്തിലുള്ള സുന്നി ടൈഗര്‍ഫോഴ്സും സിമിയുടെ പ്രവര്‍ത്തകരും മദനിയുടെ ഐഎസ്എസില്‍ ലയിച്ചു. പിന്നീട് ഐഎസ്എസ്, പിഡിപി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ആയി. ഇവരിലെ ഒരു വിഭാഗം ജം ഇയ്യത്തുള്‍ ഇഹ്സാനിയ എന്ന തീവ്രവാദ സംഘടനയുമായി.
തമിഴ്നാട്ടില്‍ ടാഡ, എന്‍എസ്എ കേസുകളില്‍പെട്ടവരുമായി ഈ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അടുത്ത ബന്ധം ഉണ്ട്. ജംഇയ്യത്തുള്‍ ഇഹ്സാനിയയ്ക്കും അല്‍ ഉമ്മയ്ക്കും വേണ്ട സഹായങ്ങള്‍ നല്‍കുന്നത് മുന്‍ സിമി പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് ഗള്‍ഫിലുള്ള പ്രവര്‍ത്തകര്‍ വഴി വിദേശത്ത് നിന്നും വലിയതോതില്‍ ധനസഹായവും ലഭിക്കുന്നുണ്ട്. പാകിസ്ഥാനില്‍ നിന്നും നേരിട്ടല്ലാതെയും ധനസഹായം ഉണ്ട്. വടക്കന്‍ മലബാര്‍, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ഒളിത്താവളമുണ്ട്. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും ആയിരക്കണക്കിന് വ്യാജപാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതുപയോഗിച്ച് നിരവധിപേര്‍ വിദേശത്തേക്ക് പോകുന്നുണ്ട്. തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ടിങ്ങും നടത്തുന്നുണ്ട്. ഇതെല്ലാം റിപ്പോര്‍ട്ടില്‍ വിശദമാക്കിയിരുന്നു. ഇതടക്കം എല്ലാം അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post