കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പീഡനങ്ങളോ കൊലപാതകങ്ങളോ നടന്നാല്‍ പ്രതിഷേധിക്കാന്‍ ശയനപ്രദക്ഷിണം നടത്തുന്ന കേരളത്തില്‍ പ്രാകൃതമായ നരബലികള്‍ നടന്നിട്ടുപോലും അരുതെന്ന് പറയാന്‍ സാഹിത്യകാരന്മാരോ മതനേതാക്കന്മാരോ രാഷ്ട്രീയക്കാരോ ഇല്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. മാധ്യമ പ്രവര്‍ത്തകന്‍ പി. സുജാതന്‍ രചിച്ച ‘ദ്വൈപായനം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്ര വസ്തുതകള്‍ വരുംതലമുറയ്ക്ക് കൈമാറേണ്ട ബാധ്യത ആനുകാലിക വിഷയങ്ങളെക്കുറിച്ച് എഴുതുന്നവര്‍ക്കുണ്ട്. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത ഗതിപ്രവാഹമാണ്. രബീന്ദ്രനാഥ ടാഗോറും സ്വാമി വിവേകാനന്ദനും അവരുടെ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാണ്ഡിത്യമുള്ള വ്യക്തികളായി വിശേഷിപ്പിച്ചത് ശ്രീനാരായണ ഗുരുദേവനേയും ചട്ടമ്പി സ്വാമികളേയുമാണ്. എന്നിട്ടും അതൊന്നും പാഠ്യവിഷയമാക്കാത്ത നാടാണ് കേരളം. ഗുരുദേവന്‍റെ ദൈവദശകത്തിന്‍റെ നൂറാം വാര്‍ഷിക വേളയില്‍ അതിന്‍റെ മിസോ പതിപ്പ് മിസോറാം രാജ്ഭവനില്‍ നിന്നും താന്‍ പുറത്തിറക്കി. വ്യതിരിക്തതയുള്ള മാധ്യമ പ്രവര്‍ത്തകനാണ് പി.സുജാതനെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതിമനോഹരമായി എഴുതിയ പുസ്തകമാണിതെന്ന് സാഹിത്യ നിരൂപകന്‍ പ്രൊഫ. എം. തോമസ് മാത്യു പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. കുരുക്ഷേത്ര പ്രകാശനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
എറണാകുളം ബിടിഎച്ചില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ. എസ്. മനു അധ്യക്ഷത വഹിച്ചു. തപസ്യ ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം പുസ്തക പരിചയം നടത്തി. പി. സുജാതന്‍, കുരുക്ഷേത്ര എംഡി സി.കെ. രാധാകൃഷ്ണന്‍, ഡയറക്ടര്‍ എ. വിനോദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Discussion about this post