തിരുവനന്തപുരം: സർവ്വകലാശാലയിലെ അനധികൃത വിസി നിയമനത്തിനെതിരെ കർശന നടപടിയുമായി ഗവർണർ. ഒൻപത് സർവ്വകലാശാലകളിലെ വി.സിമാരോട് രാജിവയ്‌ക്കാൻ ഗവർണർ അന്ത്യശാസനം നൽകി. നാളെ തന്നെ രാജി സമർപ്പിക്കണം എന്നാണ് വി.സിമാർക്ക് നൽകിയ നിർദ്ദേശം.
കഴിഞ്ഞ ദിവസം സാങ്കേതിക സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ നിലപാട് ശരിവെച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് രാജ്ഭവൻ വിശദീകരിച്ചു. കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റികളുടെയും കാലടി സംസ്‌കൃത സർവ്വകലാശാല, ഫിഷറീസ് യൂണിവേഴ്സിറ്റി, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല, തുഞ്ചത്ത് മലയാളം സർവ്വകലാശാല എന്നിവയുടെയും വിസിമാരുടെ രാജിയാണ് ഗവർണർ ആവശ്യപ്പെട്ടത്.
വിസി നിയമനത്തിൽ ഗവർണറെ നോക്കുകുത്തിയാക്കി ഇഷ്ടക്കാർക്ക് പുനർ നിയമനം നൽകാനുളള പിണറായി സർക്കാരിന്‍റെ നീക്കമാണ് ഗവർണറുമായുളള പരസ്യപോരിലേക്ക് എത്തിച്ചത്. സാങ്കേതിക സർവ്വകലാശാല വിസിയായി ഡോ. രാജശ്രീയെ നിയമിച്ച നീക്കമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയത്. യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല നിയമനമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ചാണ് ഗവർണറുടെ നടപടി.
യുജിസി മാനദണ്ഡങ്ങൾ പാലിച്ച് വിസിമാരെ നിയമിക്കാനാണ് ഗവർണർ ആലോചിക്കുന്നതെന്നാണ് സൂചന. നിയമനം വിവാദമായ അഞ്ച് വി.സിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടേക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ മുഴുവൻ സർവ്വകലാശാല വിസിമാരോടും രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി പിണറായി സർക്കാരിനേറ്റ കനത്ത പ്രഹരമാണ്.
Discussion about this post